പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ

balram

പാലക്കാട്: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ 24 മണിക്കൂറിനുള്ളില്‍ മാറ്റിയ നടപടിയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ വിലക്ക് ലംഘിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ മോഹന്‍ ഭഗവത് ദേശീയ പതാകയുയര്‍ത്തിയത്. ഈ സംഭവം വിവാദമായത് ചൊവ്വാഴ്ചയാണെങ്കില്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് പാലക്കാട് അടക്കം അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റാന്‍ തീരുമാനമുണ്ടായത്.

പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയെ പഞ്ചായത്ത് ഡയറക്ടറായാണ് നിയമിച്ചത്.

ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബല്‍റാം പിണറായിയെ പരിഹസിച്ചു.

വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി.
വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍. ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ.

Top