പിണറായി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെയും നിയമവാഴ്ചയെയും അപമാനിക്കുകയാണ്; വിടി ബല്‍റാം

balram

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം. പിണറായി സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെയും നിയമവാഴ്ചയെയും ഓരോ നിമിഷവും അവഹേളിക്കുകയാണ്.

ഇതുപോലൊരു കൊടും കുറ്റകൃത്യത്തിന്റെ കേസില്‍പ്പോലും മതസമുദായ സമ്മര്‍ദ്ദ ശക്തികള്‍ക്ക് കീഴടങ്ങിയിട്ട് പിന്നെ മതിലുകളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതി വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അദ്ദേഹത്തിനെയും അവയവപ്പെരുപ്പ മാഹാത്മ്യത്തെക്കുറിച്ച് ഹലേലുയ പാടുന്ന ഭക്തസംഘത്തേയും ആരെങ്കിലും ഒന്ന് ഉപദേശിച്ച് ഓര്‍മ്മപ്പെടുത്തുന്നത് നല്ലതാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിഷപ്പ് ഫ്രാങ്കോ എന്ന കുറ്റാരോപിതനെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു നിർത്തുന്ന പിണറായി വിജയൻ സർക്കാർ സ്ത്രീ സുരക്ഷയേയും നിയമവാഴ്ചയെത്തന്നെയും ഓരോ നിമിഷവും അവഹേളിച്ചുകൊണ്ടാണ് കടന്നു പോവുന്നത്. ആദ്യഘട്ടത്തിൽ സാമാന്യം നല്ല നിലയിൽ മുന്നോട്ടു പോയി എന്ന് അനുമാനിക്കപ്പെട്ടിരുന്ന അന്വേഷണം രാഷ്ട്രീയ സ്വാധീനത്താൽ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സർവൈവറുടെ മൊഴിയിൽ Contradictions ഉണ്ട് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ പറയുന്നത് അന്വേഷണത്തിന്റെ ട്രാക്ക് തെറ്റുന്നതിന്റെ സൂചനയാണ്. ഇതിന് സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടതുണ്ട്. ഇതുപോലൊരു കൊടും കുറ്റകൃത്യത്തിന്റെ കേസിൽപ്പോലും മതസമുദായ സമ്മർദ്ദ ശക്തികൾക്ക് കീഴടങ്ങിയിട്ട് പിന്നെ മതിലുകളിൽ “വർഗീയത തുലയട്ടെ” എന്നെഴുതി വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അദ്ദേഹത്തിനേയും അവയവപ്പെരുപ്പ മാഹാത്മ്യത്തെക്കുറിച്ച് ഹലേലുയ പാടുന്ന ഭക്തസംഘത്തേയും ആരെങ്കിലും ഒന്ന് ഉപദേശിച്ച് ഓർമ്മപ്പെടുത്തുന്നത് നല്ലതാണ്.

പ്രശസ്ത പത്രപ്രവർത്തകൻ KJ Jacob ന്റെ പോസ്റ്റ് ഇവിടെ പകർത്തുന്നു:

ബിഷപ്പ് ഫ്രാങ്കോ കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് കേരള ഹൈക്കോടതിയിൽ ഓഗസ്റ്റ് 13-ആം തിയതി നൽകിയ സത്യവാങ്മൂലത്തിൽ അന്വേഷണത്തിന്റെ നാൾ വഴി കൊടുത്തിട്ടുണ്ട്. അത് പ്രകാരം:

ജൂൺ 28: എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നു. ഉടനെത്തന്നെ പരാതിക്കാരിയുടെ മെഡിക്കൽ പരിശോധന നടത്തുന്നു.

ജൂൺ 29: കേസ് വൈക്കം ഡി വൈ എസ് പിയ്ക്ക് കൈമാറുന്നു. സീൻ മഹസ്സർ തയാറാക്കുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദർശക രജിസ്റ്റർ പരിശോധിക്കുന്നു. പീഡിപ്പിച്ചതായി കന്യാസ്ത്രി പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നു. രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകൾ പിടിച്ചെടുക്കുന്നു. പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രി പറയുന്ന 20-ആം നമ്പർ മുറിയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നു.

ജൂൺ 30: പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് റിപ്പോർട്ട് നൽകുന്നു.

ജൂലൈ 5: സി ആർ പി സി സെക്ഷൻ 164 പ്രകാരം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു.

മൊഴി പരിശോധിച്ചതിൽനിന്നു പരാതിക്കാരിയെ ബിഷപ്പ് ബലാൽസംഗം നടത്തിയതായി മനസിലാകുന്നു.

ജൂലൈ 10 : ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാനുള്ള ലുക്ക് ഔട്ട് നോട്ടീസ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്നു. വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി എടുക്കുന്നു. ലൈംഗികാതിക്രമണം നടന്നതായി ഡോക്ടർ മൊഴി നൽകുന്നു.
മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലുള്ള കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു.

ജൂലൈ 14: കന്യാസ്ത്രി പരാതി പറഞ്ഞ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടെയും മൊഴിയെടുക്കുന്നു. അതെ ദിവസം തന്നെ ജലന്ധർ രൂപതയിൽ സേവനം അനുഷ്ഠിക്കുകയും പിന്നീട് സഭ വിടുകയും ചെയ്ത ഒരു കന്യാസ്ത്രിയുടെയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴികൾ എടുക്കുന്നു.

ജൂലൈ 16: സഭ വിട്ട മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെ മൊഴിയെടുക്കുന്നു.

ജൂലൈ 17: സഭ വിട്ട മറ്റൊരു കന്യാസ്ട്രീയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു. കന്യാസ്ത്രി അച്ഛനെഴുതിയ കത്തിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്കെന്തിലും സംഭവിച്ചാൽ ബിഷപ്പ് ഫ്രാങ്കോ ആണ് ഉത്തരവാദി എന്നും എഴുതിയിരുന്നു.

ജൂലൈ 19: കർദ്ദിനാൾ ആലഞ്ചേരിയോട് ഫോണിൽ പരാതി പറഞ്ഞതിനെപ്പറ്റി പരാതിക്കാരിയോട് വിശദമായി ചോദിക്കുന്നു.

ജൂലൈ 20: സംഭവം നടക്കുമ്പോൾ കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ ബാംഗ്ലൂരിൽ ചെന്നെടുക്കുന്നു. അവർ രണ്ടുപേരും ഇപ്പോൾ സഭ വിട്ടു.

ജൂലൈ 24 : ഒരു കന്യാസ്ത്രീയുടേയും മറ്റൊരു കന്യാസ്ത്രീയുടെ അമ്മയുടെയും മൊഴിയെടുക്കുന്നു. കന്യാസ്ത്രീകൾ രണ്ടുപേരും ഇപ്പോൾ സഭ വിട്ടു.

ജൂലൈ 27: കർദ്ദിനാൾ ആലഞ്ചേരി പ്രത്ത്യേക ദൂതൻ വഴി എത്തിച്ച രേഖകൾ കസ്റ്റഡിയിലെടുക്കുന്നു

ജൂലൈ 28: ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കാൻ പോയി എങ്കിലും കാർ അപ്പോൾ ഇല്ലായിരുന്നതിനാൽ അതിന്റെ ആർ സി ഉടമസ്‌ഥന്‌ കാർ ഹാജരാക്കാൻ നോട്ട്സ് കൊടുത്തു.

ജൂലൈ 30: എറണാകുളം രൂപതയിലെ ഒരു വൈദികനെ ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു.

ജൂലൈ 31: കാർ ഹാജരാക്കിയപ്പോൾ ആർ സി ഉടമസ്‌ഥനെയും ബിഷപ്പ് ഫ്രാങ്കോ സഞ്ചരിച്ചപ്പോൾ ഉണ്ടായിരുന്ന ഡ്രൈവരെയും ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു. കാർ കസ്റ്റഡിയിലെടുക്കുന്നു.

ഇതിനിടയിൽ മുഖ്യ സാക്ഷിയായ ഒരു സ്ത്രീയുടെയും അവരുടെ ഭർത്താവിന്റെയും മൊഴിയെടുക്കുന്നു. ഉജ്ജെയിനിലെത്തി ഉജ്ജെയിൻ ബിഷപ്പിനെ കണ്ടു വിശദമായി ചോദ്യം ചെയ്തു മൊഴിയെടുക്കുന്നു.

ഓഗസ്റ്റ് 3: കേസ്അന്വേഷണത്തിനായി ഡൽഹിയിലേക്ക് പോകുന്നു. ഈ സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ ഡൽഹിയിലാണ്.

സത്യവാങ്മൂലം അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌:

During the course of investigation so far conducted and the available evidences collected so far, it is revealed that the accused Bishop Franco committed unnatural offence and committed rape repeatedly on…..against the will and consent of her by abusing his dominance over her as bishop of Jalandhar after confining her in the guest room no 20 o st Francis Mission Home, Kuravilangad.

എന്നുവച്ചാൽ,

ഇതുവരെ നടത്തിയ അന്വേഷണത്തിൽനിന്നും ലഭ്യമായ തെളിവുകളിൽ നിന്നും ബിഷപ്പ് ഫ്രാങ്കോ പരാതിക്കാരിയെ ജലന്ധർ ബിഷപ്പ് എന്ന അധികാരം ദുരുപയോഗിച്ച് പലപ്രാവശ്യം ബലാൽസംഗം ചെയ്തു എന്ന് വെളിപ്പെട്ടിട്ടുണ്ട്.

കേസ് നിക്ഷ്പക്ഷമായും കാര്യക്ഷമമായും അന്വേഷിക്കുമെന്നു ഉറപ്പു പറഞ്ഞാണ് സത്യവാംഗ്മൂലം അന്വേഷണോദ്യോഗസ്‌ഥൻ ഉപസംഹരിക്കുന്നത്.

***
പരാതിക്കാരിയെ ബിഷപ്പ് ബലാൽസംഗം ചെയ്തു എന്ന് അന്വേഷണത്തിൽനിന്നും കണ്ടെടുത്ത തെളിവുകളിൽനിന്നും താൻ മനസിലാക്കി എന്ന് ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്‌ഥൻ ഒരു മാസം മുൻപ് കോടതിയിൽ പറഞ്ഞ കേസിലാണ് പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്നും മൊബൈൽ ഫോൺ കിട്ടിയില്ലെന്നും ഒക്കെ ബിഷപ്പും ബിഷപ്പിന്റെ സിൽബന്ധികളും ഇടതുപക്ഷ നേതാക്കന്മാരും നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മനുഷ്യസാധ്യമായ രീതിയിൽ, ധൃതഗതിയിൽ ഈ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് പകൽ പോലെ വ്യക്തമാണ്. കേസിൽ അന്വേഷണോദ്യോഗസ്‌ഥൻ എത്തിച്ചേർന്ന നിഗമനം വളരെ കൃത്യമാണ്. എന്നിട്ടെന്താണ് സംഭവിച്ചത്? ഈ നിഗമനത്തിൽ എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് ബിഷപ്പിന്റെ വസതിയിൽ അഭിമുഖം നടത്തി തിരിച്ചു പോരേണ്ടി വന്നത്. പിന്നീട് നമ്മൾ കാണുന്നത് പരാതിയിലെ പൊരുത്തക്കേടുകൾ കണ്ടുപിടിക്കലും പരാതിക്കാരിയെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കാനുള്ള ശ്രമവുമാണ്. ഇപ്പോൾ ഏറ്റവും അവസാനം ന്യൂനപക്ഷ കാർഡും പുറത്തിറങ്ങിയിട്ടുണ്ട്.

പൊതുസമൂഹം എണീറ്റുനിന്നു സംസാരിക്കുകയോ കോടതികൾ ഇടപെടുകയോ ചെയ്തില്ലെങ്കിൽ ബാക്കി പഴുതുകൾ കൂടി ഈ സർക്കാർ അടയ്ക്കും. തെറ്റുകളുടെ മഹാശിലകൾക്കടിയിൽ നീതിക്കുവേണ്ടിയുള്ള കുഞ്ഞുനിലവിളികൾ അവരടക്കം ചെയ്തു എന്ന് നിക്കോസ് കസാൻസാക്കിസ് എഴുതിയത് ബാക്കിയാകും.

Top