സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്‌റയെ നീക്കണം; വി ടി ബല്‍റാം

balram

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക്‌നാഥ് ബെഹ്‌റയെ അടിയന്തിരമായി നീക്കണമെന്ന് എംഎല്‍എ വി ടി ബല്‍റാം. യുഎഇ കോണ്‍സുല്‍ ജനറലിന് ഗണ്‍മാനെ അനുവദിച്ചത് ഒരു വര്‍ഷം കൂടി നീട്ടിക്കൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ് പങ്കുവെച്ചുകൊണ്ടാണ് ബല്‍റാം ബെഹ്‌റയെ നീക്കണമെന്ന് ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഡിജിപിയുടെ പങ്കും എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യുഎഇ കോൺസുൽ ജനറലിന് ഗൺമാനെ അനുവദിച്ചത് ഒരു വർഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോൺസുൽ ജനറലിൻ്റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചിരുന്നത്.

18/12/2019 ന് കോൺസുൽ ജനറൽ ഡിജിപിക്ക് നേരിട്ടയച്ച കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗൺമാൻ്റെ സേവനം ദീർഘിപ്പിച്ച് നൽകിയിരുന്നു. സുരക്ഷയേർപ്പെടുത്തണമെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികൾ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.

Top