അമിത് ഷായെ ബോഡി ഷെയ്മിംഗ് നടത്തിയ പിണറായിയെ വിമര്‍ശിച്ച് വിടി ബല്‍റാം

balram

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബോഡി ഷെയ്മിംഗ് നടത്തി പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് എം എല്‍ എ വിടി ബല്‍റാം. കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ അമിത് ഷായുടെ തടി പോര എന്നായിരുന്നു പിണറായിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ നിങ്ങള്‍ പെര്‍മിഷന്‍ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് പറയണമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റർ പിണറായി വിജയൻ, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്ക്ക് ഇറങ്ങാൻ നിങ്ങൾ പെർമിഷൻ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര “ഹോസ്പിറ്റാലിറ്റി” നിങ്ങൾ അങ്ങോട്ട് കാണിച്ചിട്ടും അയാൾ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?

“രാഷ്ട്രീയത്തിലെ ദുർമ്മേദസ്സ്” എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാൻ മുൻപൊരിക്കൽ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഇടതു ബുദ്ധിജീവികൾ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.

Top