‘മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആര്‍ജ്ജവം എന്നുമുണ്ടാകട്ടെ’: വി.ടി.ബല്‍റാം

തൃത്താല: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭയെ അഭിനന്ദിച്ച് വി ടി ബല്‍റാം എംഎല്‍എ. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോള്‍ അതിനോട് തീര്‍ത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല എന്നും വി ടി ബല്‍റാം പറഞ്ഞു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദങ്ങള്‍. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റ്.

എന്നാല്‍ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോള്‍ അതിനോട് തീര്‍ത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയുടേത്.

പോരാളി ഷാജിമാര്‍ക്ക് ബിജിഎം ഇട്ട് തകര്‍ക്കാനുള്ള ഐറ്റങ്ങള്‍ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്റെ പതിവ് കയ്യില് കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആര്‍ജ്ജവം എന്നുമുണ്ടാകട്ടെ.

Top