vs trapped Law Academy-six and half acres of land to the state government, revenue Secretary

തിരുവനന്തപുരം; ലോ അക്കാദമി സമരം ഒത്ത് തീർപ്പായ ദിവസം തന്നെ ലോ അക്കാദമി മാനേജ്മെന്റിന് കനത്ത തിരിച്ചടി.

വി എസ് അച്ചുതാനന്ദൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,ലോ അക്കാദമിക്ക് നൽകിയ ഭൂമിയിൽ ആറര ഏക്കർ സർക്കാർ തിരിച്ച് പിടിക്കണമെന്ന റിപ്പോർട്ട് നൽകിയിരിക്കുകയാണ്.

കെ എൽ എ ആക്റ്റിലെ റൂൾ 8 (3) പ്രകാരം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് നിർദ്ദേശം.

ക്യാംപസിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, ബാങ്ക് എന്നിവ ഒഴിപ്പിക്കണമെന്നും കെട്ടിടങ്ങൾ കലക്ടർ കസ്റ്റഡിയിലെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോളജിന്റ പ്രധാന കവാടം പുറമ്പോക്ക് ഭൂമിയിലാണ്.ഇത് മാറ്റി സ്ഥാപിക്കണമെന്നും റവന്യൂ സെക്രട്ടറി ആവശ്യപ്പെടുന്നു.നടപടി നിയമ വകുപ്പുമായി ആലോചിച്ച് വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ലോ അക്കാദമിക്ക് സർക്കാർ കൈമാറിയ ഭൂമിയിൽ പകുതിയിലേറെ ഉപയോഗിച്ചിട്ടില്ലന്നും കോളജിനായി നിർമ്മിച്ച കെട്ടിടത്തിൽ സഹകരണ ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ റിപ്പോർട്ട് നേരത്തെ കലക്ടർ റവന്യൂ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയാണ് റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ടിൻമേൽ മന്ത്രിസഭ ചർച്ച ചെയ്താണ് ഇനി തീരുമാനമെടുക്കേണ്ടത്.

ലോ അക്കാദമി ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് മുഖ്യമന്ത്രി വ്യക്ത മാക്കിയിട്ടുണ്ടെങ്കിലും വി എസ് നിലപാട് കടുപ്പിച്ചാൽ സർക്കാർ വെട്ടിലാകം. മാത്രമല്ല ഈ റിപ്പോർട്ട് മുൻനിർത്തി ആരെങ്കിലും കോടതിയെ സമീപിച്ചാലും ലോ അക്കാദമിക്കും സർക്കാറിനും ‘പണി’യാകുകയും ചെയ്യും

ലക്ഷ്മി നായരെ രാജി വയ്പിക്കാതെ സമരം അവസാനിപ്പിക്കേണ്ടി വന്നതിൽ നിരാശയുള്ളവർക്ക് ആവേശം പകരുന്ന നടപടിയാണ് വി എസിന്റ പരാതിയിൽ ഇപ്പോൾ പുറത്ത് വന്ന അന്വേഷണ റിപ്പോർട്ട്.

ഭൂമി ഇനിയും സർക്കാർ ഏറ്റെടുക്കാൻ വൈകിയാൽ വിഎസ് ശക്തമായി രംഗത്ത് വരാനാണ് സാധ്യത.

Top