VS statement on Athirappilly project

പാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ തര്‍ക്കം ഉയര്‍ന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തേ മുന്നോട്ട് പോകൂവെന്ന് വ്യക്തമാക്കി.

ഇടതു സര്‍ക്കാരില്‍ നിന്നു ജനവിരുദ്ധമായ നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം മലമ്പുഴയില്‍ പറഞ്ഞു.

മലമ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതാണ് നിലപാട് പ്രഖ്യാപിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചത്.

വൈദ്യുത മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളി പദ്ധതി അത്യാവശ്യമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

പിന്നാലെ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വരികയായിരുന്നു. വൈദ്യുത മന്ത്രിക്ക് പിന്തുണയുമായി മുഖ്യമന്ത്രിയും നിലപാടെടുത്തു.

Top