VS Statement about SBT

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവികാരമായ എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

അല്ലാത്ത പക്ഷം ബാങ്കിംഗ് മേഖല തന്നെ സ്തംഭിക്കുന്ന തരത്തിലുള്ള ശക്തമായ സമരം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പാളയത്ത് എസ്.ബി.ടി സംരക്ഷണ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

ലയനപ്രശ്‌നം ഇപ്പോള്‍ ഹൈക്കോടതിയിലാണ്. കോടതി വിധി എതിരായാല്‍ കൂടുതല്‍ ശക്തമായ സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ആത്യന്തികമായി തൊഴിലാളി സമരം വിജയിച്ച ചരിത്രമാണ് നമുക്കുമുന്നിലുള്ളത്.

കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഇത്. മൂലധന ശക്തികളുടെ പിടി കൂടുതല്‍ മുറുക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ കൈക്കൊള്ളുന്നത്.

ലയനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടും സമവായത്തിന് പകരം ലയനത്തെ എതിര്‍ക്കുന്ന ജീവനക്കാരെ കൈകാര്യം ചെയ്യുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും വി.എസ് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് സത്യസന്ധമായ പുന:പരിശോധന നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡ് വി.എം.സുധീരന്‍ പറഞ്ഞു.

സി.പി.എം അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. കൂട്ടായ ചര്‍ച്ചയും തിരുത്തലും ഇക്കാര്യത്തില്‍ ആവശ്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ രണ്ടഭിപ്രായമില്ലാത്ത ഒരേഒരു വിഷയമാണ് എസ്.ബി.ടിയുടെ ലയനീക്കം.

ഒരാളുപോലും ലയന നീക്കത്തിന് അനുകൂലമായി സംസാരിക്കുന്നില്ല. കേരള നിയമസഭ ഇവിടുത്തെ ജനവികാരം പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

കേരളത്തിലെ എം.പിമാര്‍ ലോക് സഭയില്‍ ഈ വിഷയം ശക്തമായി അവതരിപ്പിച്ചിരുന്നു. എന്നിട്ടും കേന്ദ്രം എന്തുകൊണ്ട് ഈ നീക്കത്തില്‍ നിന്നു പിന്തിരിയുന്നില്ല. പിന്തിരിഞ്ഞേ മതിയാവൂ. അല്ലെങ്കില്‍ യോജിച്ചുള്ള പോരാട്ടം വരുമെന്നും സുധീരന്‍ പറഞ്ഞു.

Top