തെളിവുകള്‍ കിട്ടിയില്ല, റെയ്ഡ് രാഷ്ട്രീയപ്രേരിതം മാത്രം; താന്‍ നിരപരാധിയെന്ന് എംഎല്‍എ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ നിരപരാധിയാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വിജിലന്‍സ് അദ്ദേഹത്തിനെതിരെ എടുത്ത കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായാണ് ശിവകുമാര്‍ തന്നെ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ലെന്നാണ് എംഎല്‍എയുടെ വാദം.

‘തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നെ തേജോവധം ചെയ്യാനാണ് സര്‍ക്കാര്‍ ഈ നടപടിക്ക് മുതിര്‍ന്നതെന്നാണ് ശിവകുമാര്‍ ആരോപിക്കുന്നത്. ഒന്നാമത്തെ കാര്യം ഇതൊരു അനോണിമസ് പെറ്റിഷന്‍ ആണ്. അത്തരം പെറ്റിഷനുകള്‍ അന്വേഷിക്കരുതെന്നാണ്. എന്നിട്ടും വീണ്ടും കേസെടുത്ത് അന്വേഷണം നടത്തി. എനിക്ക് ഒരു താല്‍കാലിക ഡ്രൈവറുണ്ടായിരുന്നു. അയാള്‍ വീടുവെച്ചപ്പോള്‍ കുറച്ച് പണം ഭാര്യ നല്‍കി സഹായിച്ചിരുന്നു. ഒരു 20 ലക്ഷം. അത് രേഖയില്‍ കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ ബിനാമിയാക്കി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്’- ശിവകുമാര്‍ പറഞ്ഞു.

അതേസമയം എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ചില പ്രധാനപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ശാസ്തമംഗലത്തെ വീട്ടില്‍ രാവിലെ എട്ടരമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള കൂട്ടുപ്രതികളായ ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍, എം.എസ്.രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തി.

പ്രതികള്‍ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കര്‍ രേഖകളും കണ്ടെത്തനായിരുന്നു പരിശോധന. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. രാത്രി പത്തരയോടെയാണ് ശിവകുമാറിന്റെ വീട്ടിലെ പരിശോധന അവസാനിച്ചത്. പിടിച്ചെടുക്കുന്ന രേഖകള്‍ വിശദമായ പരിശോധിക്കും. തിങ്കളാഴ്ച്ച ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടയിലാണ് കുറ്റം തെളിയിക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെ പ്രസ്താവനയുമായി എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്.

Top