തിരുവനന്തപുരം: സോളര്‍ പാനല്‍ ഇടപാടില്‍ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയര്‍ത്തിയെന്നു കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കും. വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി. നീതി എപ്പോഴും കീഴ്‌ക്കോടതിയില്‍ നിന്ന് കിട്ടണമെന്നില്ല. പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വിഎസ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനല്‍ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സരിത നായരുടെ മറവില്‍ ഉമ്മന്‍ ചാണ്ടി സോളര്‍ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു. ‘കമ്പനിയുടെ മറവില്‍ ഷെയറുകള്‍ വിറ്റ് കോടികളുണ്ടാക്കി, പണമെല്ലാം ഉമ്മന്‍ ചാണ്ടി കയ്യിലാക്കി’ എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍.
ഇതിനെതിരെ ഉമ്മന്‍ ചാണ്ടി അയച്ച വക്കീല്‍ നോട്ടിസിനു വിഎസ് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് കേസ് നല്‍കിയത്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പറഞ്ഞ വിഎസ് തെളിവുകളൊന്നും ഹാജരാക്കിയില്ല. നേരിട്ടു ഹാജരായതുമില്ല. വിഎസിന്റെ അഭിഭാഷകന്റെ സമന്‍സ്പ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി തുടങ്ങി 3 പേരെ സാക്ഷികളായി വിസ്തരിച്ചു.