Vs in vigilance court demands the enquiry against vellappally

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എതിര്‍കക്ഷിയാക്കി വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

കോടതിയില്‍ നേരിട്ടെത്തിയാണ് വിഎസ് ഹര്‍ജി നല്‍കിയത്.

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമനുള്‍പ്പെടെ മറ്റ് നാല് പേരെയും കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അഞ്ച് ശതമാനം പലിശയ്ക്ക് എടുത്ത പണം പത്തും പതിനഞ്ചും ശതമാനം പലിശയ്ക്കാണ് നല്‍കിയതെന്നും ഇതില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നുമാണ് വിഎസിന്റെ ആരോപണം.

പത്തനംതിട്ട അടക്കമുള്ള ചില സ്ഥലങ്ങളിലെ എസ്എന്‍ഡിപി അംഗങ്ങള്‍ നല്‍കിയ കേസിന്റെ കോപ്പികളും മറ്റ് അനുബന്ധരേഖകളും ഇതിനോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാറ്റൂര്‍ ഭൂമി ഇടപാട് കാര്യത്തിലും വിഎസ് നേരിട്ട് ഹര്‍ജി നല്‍കാന്‍ കോടതിയിലെത്തിയിരുന്നു.

93-ാം വയസില്‍ സംസ്ഥാനത്തിന്റെ മുന്‍മുഖ്യമന്ത്രി കൂടിയായ വിഎസ് കോടതിയില്‍ നേരിട്ടെത്തിയത് നിയമരംഗത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

അഭിഭാഷകന്‍ മുഖേന ഹര്‍ജി നല്‍കാമായിരുന്നിട്ടും അത് ഒഴിവാക്കി ഈ രണ്ട് കേസുകളിലും വി.എസ് നേരിട്ടെത്തിയത് ഈ കേസുകളുടെ അതീവ പ്രാധാന്യം മുന്‍നിര്‍ത്തിക്കൂടിയാണ്.

നാളെ വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയുടെ സമാപനം തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് വി.എസിന്റെ അപ്രതീക്ഷിത നീക്കം.

വി.എസ് കോടതിയില്‍ എത്തിയതോടെ അഭിഭാഷകരടക്കം നിരവധി പേരാണ് തടിച്ച് കൂടിയത്. രണ്ടാം നിലയിലാണ് വിജിലന്‍സ് കോടതി എന്നതിനാല്‍ പടികള്‍ കയറിയാണ് വി.എസ് ഹര്‍ജി നല്‍കാനെത്തിയത്.

അഴിമതി കേസില്‍ മുന്‍മന്ത്രി ബാലകൃഷ്ണ പിള്ളയെ ജയിലിലടപ്പിച്ച ചരിത്രമുള്ള വി.എസ് വെള്ളാപ്പള്ളിയെ കുരുക്കുമോയെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് മുന്‍നിര്‍ത്തി തദ്ദേശ തെരഞ്ഞടുപ്പില്‍ വി.എസ് അഴിച്ചുവിട്ട പ്രചാരണം ബിജെപി-എസ്എന്‍ഡിപി യോഗം സഖ്യത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

വെള്ളാപ്പള്ളിയുടെ വീടിരിക്കുന്ന വാര്‍ഡിലും എസ് എന്‍ സ്ഥാപനങ്ങളുടെ ആസ്ഥാനമായ കൊല്ലം ജില്ലയിലും കനത്ത തിരിച്ചടിയാണ് വെള്ളാപ്പള്ളിക്ക് നേരിടേണ്ടി വന്നിരുന്നത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടാതെ വിജിലന്‍സ് കോടതിയെ സമീപിക്കുക വഴി ഭരണമാറ്റമുണ്ടായാലും ഇല്ലെങ്കിലും വെള്ളാപ്പള്ളിയെ കുരുക്കുമെന്ന വ്യക്തമായ സന്ദേശമാണ് വിഎസ് നല്‍കുന്നത്.

Top