Vs demanded his office in secretariat

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പഠിപ്പിക്കാനുറച്ച് വിഎസ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട ഈ മുന്‍മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് ഭരണ രംഗത്തെ സമഗ്ര ഇടപെടല്‍ തന്നെയാണ്.

സെക്രട്ടറിയേറ്റില്‍ നിന്നും വളരെ അകലെ ഐഎംജി കെട്ടിടത്തില്‍ അനുവദിച്ച ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പ്രശ്‌നമേയില്ലെന്ന് വിഎസ് ‘ബന്ധപ്പെട്ടവരെ’ അറിയിച്ചിട്ടുണ്ട്. മുന്‍പ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വികെ ശശിധരനെ സ്റ്റാഫില്‍ വേണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിലും വിഎസ് രോഷാകുലനാണ്.

പാര്‍ട്ടി ഓഫീസിലേക്കല്ല ഭരണപരിഷ്‌കാര കമ്മീഷനിലേക്കാണ് ശശിധരനെ പരിഗണിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.

പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയെന്നതിന്റെ പേരില്‍ ശശിധരനെതിരെ സിപിഎം പുറത്താക്കിയിരുന്നു. 20 അംഗ സ്റ്റാഫിന്റെ പട്ടികയാണ് വിഎസ് സര്‍ക്കാരിന് കൈമാറിയിരുന്നതെങ്കിലും 13 പേരെ മാത്രമേ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളു. ഇതും വിഎസിന്റെ പ്രകോപനത്തിന് കാരണമാണ്.

ഉടക്കോട് കൂടി ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനം വിഎസ് ഏറ്റെടുത്താല്‍ അത് ‘സര്‍ക്കാര്‍ വിമര്‍ശന കമ്മീഷന്‍’ ആയി മാറുമോ എന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ തലവനെന്ന നിലയില്‍ വിഎസ് എന്ത് റിപ്പോര്‍ട്ട് നല്‍കിയാലും അതിന് ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം വളരെ വലുതും ഇടതുപക്ഷ സര്‍ക്കാരിന് തിരസ്‌കരിക്കാന്‍ പറ്റാത്തതുമാണ്. ഇനി ഏതെങ്കിലും ശുപാര്‍ശകള്‍ നിരാകരിച്ചാല്‍ പിന്നെ അതാവും കേരളത്തിലെ ഏറ്റവും വലിയ സെന്‍സേഷന്‍.

പുതിയ പദവിയില്‍ നിന്ന് വിഎസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉണ്ടാവുക. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകളില്‍ നിന്ന് വിഭിന്നമായി ഏത് കാര്യത്തില്‍ വിഎസ് അഭിപ്രായപ്രകടനം നടത്തിയാലും അതും വിവാദമാകും.

ചുരുക്കി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സമവായത്തിന്റെ ഭാഗമായി പിണറായിയും വിഎസും പങ്കിട്ടെടുത്ത സ്ഥാനങ്ങള്‍ പരസ്പരം ഏറ്റുമുട്ടലിന്റെ വേദിയാകാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്.

Top