നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ട് ; പൂന്തുറയില്‍ ആശ്വാസ വാക്കുകളുമായി വി.എസ്

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരുടെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എത്തി.

പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കാര്യങ്ങല്‍ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ദുരിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. നിങ്ങളുടെ പരാതികള്‍ കേട്ടതു പോലെ തന്നെ വിഴിഞ്ഞത്തുള്ളവരേയും എനിക്ക് കാണേണ്ടതുണ്ട് എന്ന് പറഞ്ഞാണ് വി.എസ് വാക്കുകള്‍ അവസാനിപ്പിച്ചത്.

സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിഎസ് എത്തിയത്.

ഇതിനിടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചിരുന്നു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.

അതേസമയം, മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

Top