Vs and Pinarayi in Election

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കാന്‍ സാധ്യത.

താന്‍ മത്സര രംഗത്തേക്കില്ലെന്ന് വി.എസ് പറഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമുണ്ടാവുകയുള്ളു.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചും, വി.എസ് മത്സരിക്കാതിരുന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുമെന്നും കണ്ടാണ് നേതൃതലത്തില്‍ ഇത്തരമൊരു ആലോചന നടക്കുന്നത്.

ഈ മാസം 27-31 വരെ കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഎം പ്ലീനത്തിന് ശേഷം നടക്കുന്ന പാര്‍ട്ടി കേന്ദ്ര-സംസ്ഥാന കമ്മിറ്റികളില്‍ ഇതുസംബന്ധമായ അഭിപ്രായ രൂപീകരണം നടക്കും. പിണറായി വിജയന്റെ നവ കേരള മാര്‍ച്ചിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളു.

പ്ലീനത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുള്ള സീറ്റില്‍ വി.എസിനെ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് വി.എസിനെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നടപടി വേണമെന്ന് ആവശ്യമുയര്‍ന്നാല്‍ തന്നെ ശാസനയില്‍ ഒതുക്കാനാണ് തീരുമാനം.

വിഎച്ച്പി നേതാവായിരുന്ന കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാവുകയും വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്യുന്നത് ചെറുക്കാന്‍ വി.എസും പിണറായിയും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നാണ് കേന്ദ്രനേതാക്കളുടെയും അഭിപ്രായം.

യുഡിഎഫിന് തുടര്‍ ഭരണം ഉറപ്പ് വരുത്താന്‍ വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് ‘സെലക്റ്റഡ് മണ്ഡലങ്ങളില്‍’ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് മറിച്ച് നല്‍കുന്ന സാഹചര്യമുണ്ടാകുമെന്ന കണക്കുകൂട്ടലും സിപിഎം നേതൃത്വത്തിനുണ്ട്.

ഇക്കാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാകും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും പ്രചരണപരിപാടികളിലും അന്തിമ തീരുമാനം ഉണ്ടാകുക. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.

എന്നാല്‍ അത്തരമൊരു സാഹചര്യം വന്നാല്‍ യുഡിഎഫും ബിജെപിയും വി.എസിനെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘വെട്ടി നിരത്തു’മെന്ന പ്രചരണം അഴിച്ച് വിടാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം തന്നെ നിലപാട് പ്രഖ്യാപിച്ചേക്കും.

വി.എസിനെ മുഖ്യമന്ത്രിയും പിണറായിയെ ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള ഒന്നില്‍ കൂടുതല്‍ വകുപ്പുകള്‍ നല്‍കി ഉപമുഖ്യയുമാക്കണമെന്ന അഭിപ്രായങ്ങള്‍ സിപിഎം നേതൃത്വത്തിനിടയില്‍ നേരത്തെ തന്നെയുണ്ട്.

വി.എസിന് 93 വയസ്സായതിനാല്‍, മുഖ്യമന്ത്രിയായാല്‍ തന്നെ പിന്നീട് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത അസൗകര്യമുണ്ടായാല്‍ പിണറായിക്ക് ചുമതല ഏറ്റെടുക്കാമല്ലോ എന്ന നിര്‍ദ്ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുമ്പാകെ വയ്ക്കുമെന്നാണ് അറിയുന്നത്.

ഇക്കാര്യങ്ങളിലെല്ലാം വി.എസ് സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണ്ണായകമായിരിക്കും. എന്ത് വന്നാലും കേരളത്തില്‍ ഭരണം ലഭിക്കാത്ത സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന കര്‍ക്കശ നിലപാടിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

Top