തിരുവനന്തപുരം: തനിക്കെതിരെ കേസ് നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ കപട മനഃസാക്ഷിയെ സംരക്ഷിക്കാനെന്ന് വിഎസ് അച്യുതാനന്ദന്‍ .
തന്റെ പ്രസംഗത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കേസുകള്‍ പ്രചരിക്കുന്നതില്‍ വിളറിപൂണ്ടാണ് നിയമനടപടി തുടങ്ങിയത്. മന്ത്രിമാരുടെ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഇതിനെ പ്രതിരോധിക്കാന്‍ കഴിയാത്തതിനാലാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കുന്നതെന്നും വിഎസ് പറഞ്ഞു.
മന്ത്രിമാരുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ഇത് ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ്.
തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ചാണ്ടി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. പ്രതിപക്ഷത്തിന്റെ പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യവും ഒളിച്ചോടലുമാണ് എന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ട ഹര്‍ജി.
വിഎസിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഉമ്മന്‍ചാണ്ടി പരാതി നല്‍കിയിട്ടുണ്ട്.