VS against Ommen chandy

തിരുവനന്തപുരം: കണ്ണൂരിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന സി.പി.എം നിലപാടിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തെ, ആര്‍.എസ്.എസും ബി.ജെ.പിയുമായി സി.പി.എം കൂട്ടുകൂടുന്നു എന്ന തരത്തില്‍ ഉമ്മന്‍ചാണ്ടി വ്യാഖ്യാനിക്കുകയാണ്. സ്വന്തം രാഷ്ട്രീയ കള്ളക്കളികള്‍ പുറത്തേക്കു വരുന്നതിന്റെ സൂചനയാണിതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ട് ഉണ്ടാക്കുകയും വോട്ടു കച്ചവടം നടത്തുകയും ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസുമാണെന്ന് ആര്‍ക്കും അറിയാവുന്നതാണ്. വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തുന്ന പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചതും തിരുവനന്തപുരം എം.ജി കോളേജില്‍ പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ എ.ബി.വി.പിക്കാരുടെ കേസ് പിന്‍വലിച്ചതും സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും ചേര്‍ന്നുണ്ടാക്കിയ അവിശുദ്ധ സഖ്യവും നാട്ടില്‍ മുഴുവന്‍ പാട്ടാണ്. ആര്‍.എസ്.എസും സംഘപരിവാറുമായി വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടുമ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ട് അതിന് ഹലേലുയ്യ പാടുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്നും വി.എസ് ആരോപിച്ചു.

Top