Vs achuthanandan’s tweet against Oommen Chandy;Viral in social media

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയപോരാട്ടത്തിന് വിഎസ് നല്‍കിയ മുദ്രാവാക്യം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാകുന്നു.

ബിജെപി ശക്തമായ പ്രകടനം കാഴ്ച വെയ്ക്കുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫുമായാണ് മത്സരമെന്നും ഇടതുപക്ഷം ഇവിടങ്ങളില്‍ മൂന്നാം സ്ഥാനത്താണെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്ക് ‘ഉരുളക്ക് ഉപ്പേരി’ എന്ന രൂപത്തില്‍ ചുട്ട മറുപടി കൊടുത്ത വിഎസിന്റെ ട്വിറ്ററിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് ചൂട് പകര്‍ന്നിരിക്കുന്നത്.

ബിജെപിയുടെ പ്രചരണ മുദ്രാവാക്യമായ ‘വഴിമുട്ടിയ കേരളത്തിന് വഴി കാട്ടാന്‍ ബിജെപി’ എന്നത് ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വഴിമുട്ടിയ ബിജെപിക്ക് ‘വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി’ എന്നാക്കി മാറ്റിയാണ് വിഎസ് ആഞ്ഞടിച്ചിരുന്നത്.

ഇടതുപക്ഷം ഈ മുദ്രാവാക്യം ഏറ്റെടുത്ത് പ്രചരണ രംഗം കൊഴുപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകളെ തള്ളി കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ ബിജെപി-വെള്ളാപ്പള്ളി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ടാണ് സംസ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

അടുപ്പക്കാരനായ വെള്ളാപ്പള്ളി നടേശനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രി ആര്‍എസ്എസ്-ബിജെപി വോട്ട് ‘കച്ചവട’മാക്കിയിരിക്കുകയാണെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ഒരാഴ്ച മാത്രം അവശേഷിക്കെ ആര്‍എസ്എസ് ബന്ധം ആരോപിച്ച് യുഡിഎഫിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.

വീടുകളില്‍ വിതരണം ചെയ്യുന്ന നോട്ടീസുകള്‍,പോസ്റ്ററുകള്‍,കുടുംബ യോഗങ്ങള്‍ തൊട്ട് വന്‍ പൊതുയോഗങ്ങളില്‍ വരെ വിഎസിന്റെ ‘വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടാന്‍ ഉമ്മന്‍ചാണ്ടി’ യെന്ന് മുദ്രാവാക്യമാണ് ഇടതിന്റെ പ്രചരണായുധം.

കേരളത്തിന് നരേന്ദ്രമോദിയുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശനാണെന്നും പുതിയ ട്വിറ്റര്‍ സന്ദേശത്തില്‍ വിഎസ് പറഞ്ഞു.

Top