Vs achuthanandan-sitaram-yechuri-seema chisthi-indian express-news

ന്യൂഡല്‍ഹി: വിഎസിനെയും സിപിഎമ്മിനെയും വെട്ടിലാക്കിയ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചത് സിപിഎം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ റസിഡന്റ് എഡിറ്ററായ പത്രം.

സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തിയാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങുന്ന ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റസിഡന്റ് എഡിറ്റര്‍. മലയാള ചാനല്‍ പ്രവര്‍ത്തകരടക്കം ആശ്രയിക്കുന്ന ഡല്‍ഹിയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമാണിത്.

വിഎസുമായി വ്യക്തിപരമായി തന്നെ ഏറെ അടുപ്പം പുലര്‍ത്തുന്ന സീതാറാം യെച്ചൂരിയുടെ ഭാര്യ തലപ്പത്തിരിക്കുന്ന പത്രത്തില്‍ തെറ്റിദ്ധാരണജനകമായ വാര്‍ത്ത വന്നത് സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

വാര്‍ത്ത നല്‍കിയ കേരളത്തിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആരുടെയെങ്കിലും ‘സ്വാധീന’ത്തിന് അടിമപ്പെട്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് വിഎസ് തന്നെ നേരിട്ട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

മേലില്‍ ഈ ലേഖകനുമായി ഒരു തരത്തിലുള്ള സഹകരണവും ഉണ്ടാവില്ലെന്ന് വിഎസിന്റെ ഓഫീസും വ്യക്തമാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത കേരളത്തില്‍ വന്‍വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും വാര്‍ത്തക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് സീമ ചിസ്തി ഇടപെട്ട് ഓഡിയോ ശബ്ദരേഖ പുറത്തുവിടാന്‍ തീരുമാനിച്ചത്.

ഈ ശബ്ദരേഖയാകട്ടെ നിലവില്‍ പുറത്ത് പ്രചരിച്ച വാര്‍ത്തകള്‍ക്ക് ഘടക വിരുദ്ധവുമാണ്.

സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അഭിമുഖം നല്‍കുന്നതില്‍ ‘പിശുക്ക്’ കാണിക്കാറുള്ള വിഎസ് യെച്ചൂരിയുടെ ഭാര്യ റസിഡന്റ് എഡിറ്ററായ പത്രമായതിനാലാണ് തിരക്കുകള്‍ മാറ്റിവെച്ച് അഭിമുഖം നല്‍കിയിരുന്നത്. എന്നാല്‍ അതാണിപ്പോള്‍ വിഎസിന് തന്നെ വിനയായി മാറിയത്.

അബദ്ധം മനസിലാക്കിയ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ വിഭാഗം വിഎസിന്റെ മറുപടി വന്ന ഉടനെ തന്നെ ശബ്ദരേഖ പുറത്തുവിടാന്‍ ആര്‍ജ്ജവം കാണിച്ചത് വിഎസിനും സിപിഎമ്മിനും പിടിവള്ളിയായി മാറിയിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും താന്‍ പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ നടപടിയെ ശുദ്ധ തെമ്മാടിത്തരമെന്ന് വിഎസ് വിശേഷിപ്പിച്ചത് മാധ്യമ ലോകത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.

ഇടതുപക്ഷത്തിനെതിരെ ചില മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് യുഡിഎഫും ബിജെപിയും ‘ഹിഡന്‍ അജണ്ട’ നടപ്പാക്കുന്നുവെന്ന ആരോപണത്തിനിടെ ആയിരുന്നു പുതിയ വിവാദമെന്നതും ശ്രദ്ധേയമാണ്.

Top