കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍

vs achuthanandan

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനായി കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു.

അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പസ്താവനയില്‍ അറിയിച്ചു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ഇന്നു തന്നെ ഉണ്ടാകുമെന്ന് കോട്ടയം എസ്.പി എസ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തീരുമാനം ഇന്ന് എടുത്തിട്ടുണ്ട്. ബിഷപ്പ് കുറ്റക്കാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്പി വ്യക്തമാക്കി.

ബലാത്സംഗം നടന്നതിന് തെളിവ് കിട്ടി. ബിഷപ്പിനെ നാളെ പാലാ കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ ആശുപത്രിയില്‍ ഇന്ന് രാത്രി വൈദ്യപരിശോധന നടത്തും.

ബിഷപ്പിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും. അറസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ തന്നെ പഞ്ചാബ് പൊലീസിനെയും പഞ്ചാബിലെ ഫ്രാങ്കോയുടെ അഭിഭാഷകനെയും അന്വേഷണസംഘം അറിയിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴിയുടെയും കന്യാസ്ത്രീയുടെ മൊഴിയുടേയും അന്തിമ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയം’ എന്നാണ് അറസ്റ്റിനെ സമരസമിതി വിശേഷിപ്പിച്ചത്.

Top