vs achuthanandan-pinarayi vijayan-vellappally natesan-assembly-election

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനെയും പിണറായി വിജയനെയും പരാജയപ്പെടുത്താന്‍ പരമാവധി ശ്രമം നടത്താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നീക്കം.

ഇരു നേതാക്കളെയും പരാജയപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും സര്‍വ്വശക്തിയുമെടുത്ത് കനത്ത പ്രഹരമേല്‍പ്പിക്കാനാണ് നീക്കം.

ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യസ്ഥാനാര്‍ത്ഥികള്‍ ഈ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഉണ്ടാവരുതെന്നാണ് വെള്ളാപ്പള്ളി നടേശനും സംഘവും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് ധര്‍മ്മടത്ത് ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ മത്സരിക്കുകയാണെങ്കില്‍ അവര്‍ക്ക് പിന്‍തുണ നല്‍കണമെന്നതാണ് താല്‍പര്യം.

യു.ഡി.എഫും കെ.കെ.രമക്ക് പിന്‍തുണ നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. ഇങ്ങനെ ഒരു മത്സരം വന്നാല്‍ പിണറായി പ്രതിരോധത്തിലാകുമെന്നാണ് വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും വിലയിരുത്തല്‍.

ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രഖ്യാപിത ശത്രുവും പിണറായി ആയതിനാല്‍ ഇക്കാര്യത്തില്‍ ‘പിശക്’ കാണിക്കില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

വി.എസ്.മത്സരിക്കുന്ന മലമ്പുഴയിലും സമാനമായ രൂപത്തില്‍ വി.എസിന്റെ പ്രധാന എതിരാളിയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് നല്‍കാനാണ് നീക്കം. പരസ്യമായ ബാന്ധവം ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നതിനാല്‍ രഹസ്യമായാണ് ചുവടു വയ്പ്പ്.

ഇവിടെ അപ്രസക്തനായ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നാണ് ബി.ഡി.ജെ.എസിന്റെ അഭിപ്രായം. എസ്.എന്‍.ഡി.പി. യോഗം കുടുംബങ്ങളുടെ വോട്ടുകള്‍ പരമാവധി സ്വാധീനിച്ച് പിണറായിക്കും വി.എസിനും എതിരെ തിരിക്കാന്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കും.

വിശ്വസ്തരായ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെയാണ് ഇതിനായി നിയോഗിക്കുക.

വി.എസും പിണറായിയും വിജയിക്കുകയും ഇടതുപക്ഷത്തിന് ഭരണം ലഭിക്കുകയും ചെയ്താല്‍ എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാനുള്ള ശ്രമം നടത്തുമെന്ന പ്രചാരണം വ്യാപകമായി അഴിച്ചു വിട്ട് സമുദായ അംഗങ്ങളുടെ വികാരമുയര്‍ത്താനാണ് പദ്ധതി.

അതേ സമയം വി.എസും പിണറായിയും ഈഴവ സമുദായത്തില്‍പ്പെട്ടവരായതിനാല്‍ ഇത്തരമൊരു പ്രചാരണം എത്രമാത്രം ക്ലച്ച് പിടിക്കുമെന്ന കാര്യത്തില്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ തന്നെ സംശയമുണ്ട്. തനിക്കും മകനുമെതിരെയുള്ള ആക്ഷേപങ്ങളില്‍ ഇടത് ഭരണം വന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന ഉള്‍ഭയമാണ് സിപിഎം നേതാക്കള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

മൈക്രോഫിനാന്‍സ് തട്ടിപ്പിലും ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിലും കുരുക്കുമെന്നാണ് ആശങ്ക.

വി.എസും പിണറായിയുമില്ലാത്ത ഒരു ഇടതുഭരണം വന്നാല്‍ പോലും കടുത്ത പകപോക്കല്‍ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ ആത്മവിശ്വാസം.

പുതിയ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ധര്‍മ്മടത്തും മലമ്പുഴയിലും സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരെ വീഴ്ത്താന്‍ അണിയറയില്‍ ഒരുങ്ങുന്ന തന്ത്രങ്ങളും അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളുമായിരിക്കും ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമെന്ന് ഉറപ്പായിരിക്കുകയാണ്.

Top