കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്

കൊച്ചി: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ഫോണില്‍ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. സമരപ്പന്തലില്‍ വായിക്കുവാന്‍ സന്ദേശവും അദ്ദേഹം നല്‍കി.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അറസ്റ്റ് വേണോ എന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി അറിയിച്ചു.

കുറ്റസമ്മതം മാത്രം പോര, അറസ്റ്റിന് തെളിവ് കൂടി വേണം. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അറസ്റ്റ് വേണോയെന്ന് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പഴയ കേസാകുമ്പോള്‍ തെളിവുകള്‍ ശേഖരിക്കാന്‍ താമസമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണിയുണ്ടായാല്‍ കോടതിയെ സമീപിക്കാം. പ്രതിയുടെ അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് വന്‍ വിവാദമായിരിക്കേ കന്യാസ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്ന് പൊലീസും വ്യക്തമാക്കി. ഭീഷണിയെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സര്‍ക്കാര്‍ കോടതിയെ അറിയിക്കുന്നതാണ്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.

സമരത്തിനു പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തിനു തിരുവനന്തപുരത്തും തുടക്കമായിരുന്നു. സമരം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. സംസ്ഥാന വ്യാപകമായി വൈകിട്ട് 5 മുതല്‍ 6 വരെ അതതു പ്രദേശങ്ങളിലുള്ളവര്‍ സംഘടിച്ചു സമരത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നും സമരസമിതി അറിയിച്ചു

Top