ആലപ്പാട്ടെ ഖനനം; കാര്യങ്ങള്‍ മനസിലാകുമ്പോള്‍ വിഎസ് നിലപാട് മാറ്റുമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: ആലപ്പാട്ടെ ഖനനത്തെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാകുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ നിലപാട് മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഖനനം തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും തുടര്‍ പഠനത്തിന് ശേഷം മതി ഖനനമെന്നും ജനിച്ച മണ്ണില്‍ മരിക്കണമെന്ന നാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും ലാഭക്കണ്ണിലൂടെയല്ല അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ആലപ്പാട്ടെ സമരം തീര്‍ക്കാന്‍ അനുനയ ശ്രമവുമായി കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍ രംഗത്തെത്തി. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. വ്യവസായ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് എംഎല്‍എ മുന്നിട്ടിറങ്ങുന്നത്.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു.

Top