Vs achuthanandan did not participate Ravi pillas daughter’s engagement

കൊല്ലം: പ്രമുഖ വ്യവസായി രവിപിള്ളയുടെ മകള്‍ ആരതിയും ആദിത്യയുമായുള്ള വിവാഹചടങ്ങിലും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തിയില്ല. രാവിലെ പതിനൊന്നേ മുക്കാലിനായിരുന്നു ചടങ്ങ്. കോടികളില്‍ ‘ആറാടിയ’ കല്ല്യാണം ബഹിഷ്‌കരിച്ച വിഎസ് പത്തനംതിട്ടയിലെ മുന്‍ എംഎല്‍എ രാജഗോപാലിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് ഇതേസമയം പങ്കെടുത്തത്.

നേരത്തെ വിവാഹാഘോഷത്തിന്റെ ഭാഗമായി രവിപിള്ള ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘കാരുണ്യരവം’ പരിപാടി വിഎസ് ബഹിഷ്‌ക്കരിച്ചത് Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാരുണ്യരവത്തിനും രവിപിള്ളയുടെ മകള്‍ക്കും എല്ലാ ആശംസകളും നേര്‍ന്നിട്ടുണ്ടെങ്കിലും പണക്കൊഴുപ്പിന്റെ മേള ആയതിനാലാണ് വിഎസ് പങ്കെടുക്കാതിരുന്നത്.

സൗദി, ബഹ്‌റൈന്‍, ഖത്തര്‍, ദുബായ് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളില്‍ നിന്നടക്കം വിദേശത്തെ 42 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രി പടയും, ചലച്ചിത്ര താരങ്ങളും, രാഷ്ട്രീയ- ബഹുരാഷ്ട്ര കുത്തക കമ്പനികളിലെ സിഇഒ മാരുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ വിഎസിന്റെ അസാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്.

index

വിഎസിനെ വിവാഹവേദിയിലെത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിരുന്നില്ല.

പാവപ്പെട്ടവന്റെ വിശപ്പിന്റെയും ഒരു തരി പൊന്നുകൊടുക്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ചോദ്യചിഹ്നമായ പതിനായിരങ്ങളുടെയും കണ്ണീരിന്റെ വിലയറിയുന്ന തനിക്ക് കോടികള്‍ ധൂര്‍ത്തടിക്കുന്ന വിവാഹ മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന മറുപടിയാണ് സമ്മര്‍ദ്ദവുമായി വന്നവരോട് വിഎസ് പറഞ്ഞത്.

വിവാഹാഘോഷത്തോടനുബന്ധിച്ച് നടത്തിയ ‘കാരുണ്യരവം’ പരിപാടി വിഎസ് ബഹിഷ്‌ക്കരിച്ചത് റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹദിവസം വിഎസിനെ എത്തിക്കാന്‍ വലിയ ശ്രമമുണ്ടായത്.

അടുപ്പക്കാരെ സ്വാധീനിച്ചുപോലും ശ്രമങ്ങള്‍ നടന്നതായാണ് അറിയുന്നത്. എന്നാല്‍ ഒരു സമ്മര്‍ദ്ദവും നടക്കില്ലെന്നും തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും വിഎസ് നിലപാട് കടുപ്പിച്ചതോടെയാണ് സമ്മര്‍ദ്ദത്തിന് അറുതി ആയത്.

വിഎസ് വരാതിരുന്നത് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി അടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കും തിരിച്ചടിയായി.

പണക്കൊഴുപ്പിന്റെ മേള എന്ന രീതിയിയില്‍ വിവാഹാഘോഷം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിനിടയില്‍ ‘ഇമേജി’ന് കോട്ടം തട്ടുമോ എന്ന ആശങ്കയിലാണ് ഭൂരിപക്ഷം നേതാക്കളും.

രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്ല്യാണപന്തലിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. പ്രവേശന കവാടവും കൊട്ടാരസദൃശമാണ്.

നാലേകാല്‍ ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ എര്‍കണ്ടീഷന്‍ ചെയ്ത പന്തല്‍ ഗിന്നസ് റെക്കോര്‍ഡാവുമെന്നാണ് കരുതുന്നത്.

കൂറ്റന്‍ താമരയില്‍ നൃത്തത്തിനെത്തുന്ന നടി മഞ്ജുവാര്യര്‍, ഏറ്റവും ഒടുവിലായി താമരപ്പൂവിലെ മണ്ഡപത്തിലെത്തിയ വധൂവരന്മാര്‍, പതിനായിരം ബള്‍ബുകളുടെ പ്രകാശസംവിധാനം ഒരുലക്ഷം വാട്ട്‌സിന്റെ ശബ്ദക്രമീകരണം എന്നിവ വിഐപികളടങ്ങിയ സദസ്സിന് വിസ്മയമായി. ശോഭന, ഗായത്രി, സൂര്യകൃഷ്ണമൂര്‍ത്തി, വെട്ടക്കവല കെഎന്‍ ശശികുമാര്‍ തുടങ്ങിയവരുടെ കലാപരിപാടികളും വിവാഹാഘോഷത്തിന്റെ ഭാഗമായി കൊല്ലത്തുമാത്രം ഒരുക്കിയിരുന്നത്.

ഏത് ഭാഗത്തിരുന്നാലും വിവാഹം കാണാവുന്ന രീതിയിലാണ് വേദിയുടെ രൂപകല്‍പ്പന എന്നതും ശ്രദ്ധേയമാണ്.

ലോകത്തെ ഏറ്റവും വലിയ പന്തലും ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹവുമാണിത്.

30 കോടിയാണ് കൊട്ടാര സദൃശമായ ഈ വിവാഹവേദി ഒരുക്കാന്‍ മാത്രം ചിലവിട്ടത്. കൊല്ലത്തിനു പുറമെ തിരുവനന്തപുരത്തും എറണാകുളത്തും വിവാഹാഘോഷങ്ങളുണ്ട്.

ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കൊച്ചിയിലെ ലേമെറിഡിയന്‍, ക്രൗണ്‍പ്ലാസ ഹോട്ടലുകളിലായി സംഘടിപ്പിക്കുന്ന റിസപ്ഷനിലാണ് പങ്കെടുക്കുന്നത്. മൊത്തം 80 കോടി രൂപയാണ് ചിലവ്പ്രതീക്ഷിക്കപ്പെടുന്നത്.

കൊല്ലം ആശ്രമ മൈതാനത്തെ വിവാഹ പന്തല്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആശയപ്രകാരം ബാഹുബലി സിനിമയുടെ കലാസംവിധായകനായ സാബുസിറിളാണ്.

Top