കേള്‍ക്കണം വി.എസിന്റെ വാക്കുകള്‍; തിരുത്തണം പാര്‍ട്ടിയും സര്‍ക്കാരും

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സ്ത്രീ പീഡനക്കേസിലും സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പടുകുഴിയിലും വീണുകിടക്കെ അതിജീവനത്തിന് സി.പി.എമ്മും സര്‍ക്കാരും സഖാവ് വി.എസിന്റെ വാക്കുകള്‍ കേള്‍ക്കണം.

സി.പി.എമ്മിന്റെ സ്ഥാപക നേതാവായ സഖാവ് വി.എസ് അച്യുതാനന്ദന്‍ പറയുന്ന തിരുത്തലുകള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എം കേരളത്തില്‍ നിലം തൊടാനാവില്ല. സര്‍ക്കാരിന്റെ നിലപാടിലും തീരുമാനങ്ങളിലും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി വി.എസ്, മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് സര്‍ക്കാരും സി.പി.എമ്മും ഗൗരവത്തോടെ കണ്ട് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാകണം. അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ കാത്തിരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ കനത്ത തോല്‍വിയായിരിക്കും.

പൊലീസിന് മജിസ്റ്റീരിയില്‍ പദവി നല്‍കല്‍, കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം മരവിപ്പിക്കല്‍, ഭൂമികൈയ്യേറ്റം, വയല്‍ നികത്തല്‍ എന്നിവയിലാണ് സര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പും അതൃപ്തിയും വി.എസ് അറിയിച്ചത്. ഈ മൂന്നു കാര്യത്തിലും ഇടതുകാഴ്ചപ്പാടിന് വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വി.എസ് ചൂണ്ടികാട്ടിയത്. പാര്‍ട്ടിയില്‍ വെട്ടിനിരത്തിയെങ്കിലും ജനങ്ങളുടെ മനസറിയുന്ന നേതാവാണ് വി.എസ്. പുപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് മരണമുഖത്തു നിന്നും മടങ്ങിയെത്തിയ നേതാവാണ് വി.എസ്. കേരളത്തില്‍ ഭരണം ലഭിക്കുമെന്ന വിദൂരപ്രതീക്ഷപോലുമില്ലാത്ത കാലത്ത് സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ സമരസഖാവ്.

ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തേക്ക് വലിച്ച കാലില്‍ ലാത്തികെട്ടി അടിച്ചാണ് പൊലീസ് വി.എസിനെ നേരിട്ടത്. തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാലില്‍ പാദം തുളച്ചുകുത്തി. ബോധരഹിതനായ വി.എസ് മരണപ്പെട്ടെന്നു കരുതി പൊലീസുകാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അവിടെ നിന്നും ആത്മധൈര്യം കൈമുതലാക്കിയാണ് വി.എസ് 96-ാം വയസിലും ചുറുചുറുക്കോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. പൊലീസ് കുത്തിയ ബയണറ്റിന്റെ പാട് ഇപ്പോഴും വി.എസിന്റെ കാലിലുണ്ട്.

വി.എസിനുള്ള ജനപിന്തുണയാണ് പാര്‍ട്ടിയിലെ എതിരാളികളെപ്പോലും നിശബ്ദരാക്കുന്നത്. 2006ല്‍ ഇടതുമുണിക്ക് കേരളത്തില്‍ ഭരണം നേടിക്കൊടുത്തത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസ് നയിച്ച പോരാട്ടങ്ങളായിരുന്നു. മതികെട്ടാനിലെ ഭൂമി കൈയ്യേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള സമരം, മറയൂര്‍ ചന്ദനകൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തുനിന്ന്് വി.എസ് നടത്തിയ പോരാട്ടമാണ് ജനമനസില്‍ വി.എസിനെ താരമാക്കിയത്.

പടനയിച്ച് ഇടതുപക്ഷത്തെ വിജയിപ്പിച്ച വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ കളിനടന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ കാണാത്തവിധം പാര്‍ട്ടി കേഡര്‍മാര്‍ വി.എസിനുവേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് വി.എസിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. അന്ന് കോടിയേരി ബാലകൃഷന് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കി വി.എസിന്റെ ചിറകരിയാന്‍ ശ്രമിച്ചെങ്കിലും വി.എസിന്റെ ഭരണത്തില്‍ ജനമനസുകള്‍ ഒപ്പമുണ്ടായിരുന്നു.

2011ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസാണ് ഇടതുപക്ഷത്തിന്റെ താരപ്രചാരകനായത്.അന്ന് കേവലം നാലു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിന് ഭരണം ലഭിച്ചതും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതും. ഇടത് എം.എല്‍.എ മഞ്ഞളാംകുഴി അലി, മുസ്‌ലിം ലീഗില്‍ ചേര്‍ന്നതും അലിയുടെ മങ്കടയും ശശികുമാറിന്റെ മണ്ഡലമായ പെരിന്തല്‍മണ്ണയും സി.പി.എമ്മിന് നഷ്ടമായതും വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനത യു.ഡി.എഫിലേക്കു പോയതുമാണ് 2011ല്‍ ഇടതുമുന്നണിക്ക് ഭരണ തുടര്‍ച്ച നഷ്ടമാക്കിയത്.

2016ല്‍ വി.എസിന് മത്സരിക്കാന്‍ സീറ്റു നല്‍കാതിരുന്നപ്പോഴും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വി.എസിനെ താരപ്രചാരകനാക്കിയാണ് ഇടതുപക്ഷം ഭരണം തിരിച്ചുപിടിച്ചത്. പടനയിച്ച വി.എസിനെ മാറ്റി നിര്‍ത്തിയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്.

പാര്‍ട്ടിയും ഭരണവും പിണറായിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ വി.എസിനെ ഭരണപരിഷ്‌ക്കരണ കമ്മീഷണറാക്കി ഒതുക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യവുമായി പിണറായിയുടെയും കോടിയേരിയുടെയും മാത്രം പടവുമായായിരുന്നു ഇടതുമുണിയുടെ പ്രചരണം. 18 സീറ്റില്‍ ഇടതുപക്ഷം വിജയിക്കുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ പ്രഖ്യാപനം. എന്നാല്‍ സി.പി.എമ്മിന് കേവലം ഒറ്റ സീറ്റു മാത്രമാണ് ലഭിച്ചത്. 19 സീറ്റിലും യു.ഡി.എഫ് തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു. ജനമനസറിയാന്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും കഴിഞ്ഞില്ല.

ശബരിമലയിലെ സ്ത്രീപ്രവേശനം അടക്കമുള്ളവയില്‍ തെറ്റുപറ്റിയെന്ന് പാര്‍ട്ടിയിപ്പോള്‍ വിലയിരുത്തുന്നു. ഇവിടെയാണ് പാര്‍ട്ടിയില്‍ തിരുത്തല്‍ ശബ്ദമായ വി.എസിന്റെ വാക്കുകള്‍ വിലപ്പെട്ടതാകുന്നത്. മുസ്‌ലിം ലീഗുമായി സഖ്യം ചേരാന്‍ ബദല്‍ രേഖ അവതരിപ്പിച്ചപ്പോഴും കെ. കരുണാകരന്റെ ഡി.ഐ.സിയെ ഇടതുമുന്നണിയില്‍ എടുക്കാനും ശ്രമിച്ചപ്പോള്‍ അതിനെതിരെ തിരുത്തല്‍ ശബ്ദമായി വി.എസ് നിലയുറപ്പിച്ചിരുന്നു.

ഇടമലയാര്‍ കേസില്‍ വി.എസ് നിയമയുദ്ധം നടത്തി ജയിലിലടച്ച ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി സഖ്യം വേണ്ടെന്ന വി.എസിന്റെ വാക്കുകേള്‍ക്കാതെയാണ് പിള്ളയെ ഇടതുപക്ഷത്തെത്തിച്ചത്. ഇതിന്റെ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ നേരിടുകയും ചെയ്തു. പിള്ളയുടെ തട്ടകത്തില്‍പ്പോലും സി.പി.എം പിന്നിലായി. നിലമ്പൂരില്‍ വിജയിച്ച് എം.എല്‍.എയായ അന്‍വര്‍ നിയമലംഘനങ്ങളിലൂടെ വിവാദത്തിലായപ്പോള്‍ അന്‍വറിനെതിരെ കര്‍ശന നിലപാടാണ് വി.എസ് സ്വീകരിച്ചത്.

പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മണ്ണിടിച്ചതുകൊണ്ടും തടയണകെട്ടിയതും കൊണ്ടല്ല ഉരുള്‍പൊട്ടലെന്നും ഒരു കൈക്കേട്ടോ ജെ.സി.ബിയോ എത്താത്ത ഡീപ് ഫോറസ്റ്റുകളില്‍ ഉരുള്‍പൊട്ടലുണ്ടായത് മണ്ണിടിച്ചിട്ടാണോ എന്ന് അന്‍വര്‍ പ്രസംഗിച്ചിരുന്നു.

മണ്ണിടിച്ചിട്ടോ തടയണകെട്ടിയിട്ടോ ആണോ കാടുകളില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതെന്ന് ചോദിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണമെന്നാണ് വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. പ്രളയം പോലും മറന്ന് അന്‍വറിനെ പൊന്നാനിയിലെ ഇടതു സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മലപ്പുറത്ത് പ്രചരണത്തിനെത്തിയ വി.എസ് അന്‍വറിന് വോട്ടുചോദിക്കാന്‍ പോലും തയ്യാറായില്ല. പൊന്നാനിയില്‍ രണ്ടു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് അന്‍വര്‍ പരാജയപ്പെട്ടത്.

1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32 നേതാക്കളില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് വി.എസ് അച്യുതാനന്ദന്‍. 1956ല്‍ ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ ആ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസിന്റെയും പൊലീസിന്റെയും വേട്ടയാടലുകള്‍ അതിജീവിച്ച് കേരളം മുഴുവന്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച ഒമ്പതു പേരടങ്ങുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതിയിലെ അംഗമായിരുന്നു വി.എസ്.

പുന്നപ്ര വയലാര്‍ സമരം മുതല്‍ ചെങ്കൊടി നെഞ്ചേറ്റിയ നേതാവാണ് വി.എസ്. പാര്‍ട്ടി പ്രതിസന്ധിയിലാവുമ്പോള്‍ വി.എസിന്റെ വാക്കുകള്‍ കേട്ടുവേണം ഇനി പാര്‍ട്ടി മുന്നോട്ടുപോകാന്‍. അല്ലെങ്കില്‍ നേതാക്കളും മക്കളും മാത്രമേ ഉണ്ടാകൂ ജനങ്ങളുണ്ടാവില്ല.

Top