vs achuthanandan-cpm-kerala-assembly-election

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ച് കേരളത്തില്‍ ഭരണം പിടിക്കാനുള്ള അവസരം സി.പി.എം തുലയ്ക്കുന്നു. എങ്ങിനെയും അധികാരം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ വി.എസിനെ വെട്ടിനിരത്തുന്ന നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

സിറ്റിങ് സീറ്റായ മലമ്പുഴയില്‍ തന്റെ പേര് നിര്‍ദ്ദേശിക്കാത്ത പാര്‍ട്ടിയുടെ നടപടിയില്‍ വിഎസ് പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും മലമ്പുഴ അല്ലാതെ മറ്റൊരിടത്തും മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം.

താന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പൊതു സമൂഹത്തിന് മുന്നില്‍ വ്യക്തത വരുത്തണമെന്ന വിഎസിന്റെ പിടിവാശി സീറ്റു നിഷേധിക്കാന്‍ കാരണമായതായാണ് സൂചന.

വിഎസ് മത്സരിക്കുകയാണെങ്കില്‍ തെക്കന്‍ ജില്ലകളിലെവിടെയെങ്കിലും മത്സരിക്കുമെന്നായിരുന്നു നേരത്തെ സിപിഎം കേന്ദ്രങ്ങള്‍ നല്‍കിയ വിവരം. എന്നാല്‍ വിഭാഗീയതയുടെ അതിപ്രസരം മുന്‍പു മാരാരിക്കുളത്തടക്കം ‘ഏറ്റുവാങ്ങേണ്ടി’ വന്ന ചരിത്രമുള്ളതിനാല്‍ വിഎസ് ഈ ക്ഷണം മുളയിലെ നുള്ളുകയായിരുന്നു.

നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിഎസ് ഇല്ലാത്തത് ഇപ്പോള്‍ ഇടതുപക്ഷ അണികളെ മാത്രമല്ല ഭരണപക്ഷത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണയും വി.എസ് മത്സരിക്കേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചത്. മലമ്പുഴയില്‍ വി.എസിനു പകരം സി.ഐ.ടി.യു നേതാവ് എ. പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാനം മുഴുവന്‍ പ്രതിഷേധം ഉയരുകയും എ.കെ.ജി സെന്ററിലേക്കുവരെ പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വി.എസിനെ മലമ്പുഴയില്‍ മത്സരിപ്പിച്ചത്. കേവലം നാലു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. എങ്കിലും സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സി.പി.എമ്മിനു കഴിഞ്ഞു. ഈ നേട്ടത്തിന് പാര്‍ട്ടി നന്ദിപറയേണ്ടത് നാടിളക്കിയുള്ള വി.എസിന്റെ പ്രചരണത്തോടാണ്.

ജനവികാരം മാനിച്ച് വി.എസിനെ പ്രതിപക്ഷ നേതാവാക്കിയെങ്കിലും പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്നും നീക്കാന്‍ ഔദ്യോഗികപക്ഷം കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ എതിരാകുമെന്നു ഭയന്നാണ് ഒടുവില്‍ ഈ നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞത്. എന്നാല്‍ ഇത്തവണ പി.ബി അംഗം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുന്ന പ്രചരണമാണ് സി.പി.എം ഔദ്യോഗികപക്ഷം നടത്തിയത്.

പ്രതിപക്ഷ നേതാവായ വി.എസിനൊപ്പം പാര്‍ട്ടി സെക്രട്ടറി കോടിയേരിയെയും ഒഴിവാക്കിയാണ് കേരളത്തിലെ അഞ്ചു പി.ബി അംഗങ്ങളില്‍ ഒരാളായ പിണറായിയെ ജാഥയുടെ നായകനാക്കിയത്. നവകേരള മാര്‍ച്ചുമായി വി.എസ് സഹകരിച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടടുത്തപ്പോള്‍ ഔദ്യോഗികപക്ഷം വെട്ടിനിരത്തുകയാണെന്നാണ് ആക്ഷേപം. എന്നാല്‍ ഇത്തവണ വി.എസിന് സീറ്റ് നല്‍കാന്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഒപ്പം നില്‍ക്കും. ഇതിനൊപ്പം കേരളത്തില്‍ നിന്നുള്ള പി.ബി അംഗമായ എം.എ ബേബിയും വി.എസ് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്.

ഇതോടെ വി.എസിനെ വെട്ടിനിരത്താനുള്ള ഔദ്യോഗികപക്ഷ നീക്കം കഴിഞ്ഞ തവണത്തെപ്പോലെ വിജയം കാണില്ലെന്നു തന്നെയാണ് വിഎസ് അനുകൂലികളുടെ പ്രതീക്ഷ. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെ കേന്ദ്ര കമ്മിറ്റി അംഗമായ വി.എസ് പിന്തുണച്ചിരുന്നു. ബംഗാളിലെ പ്രത്യേക സാഹചര്യത്തില്‍ സഖ്യമാകാമെന്ന നിലപാടാണ് വി.എസ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്നായിരുന്നു പിണറായിയും കോടിയേരിയും അടങ്ങുന്ന കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. ഈ നിലപാട് തള്ളിയാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം ധാരണയില്‍ മത്സരിക്കുന്നത്. ഇതിനുള്ള പ്രത്യുപകാരമായി പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും ബംഗാള്‍ ഘടകം വി.എസിനുവേണ്ടി ഇനി ശബ്ദമുയര്‍ത്തും.

Top