vs-achuthanandan-aimed-party-state-secretariat-membership

തിരുവനന്തപുരം: കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിതനായെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിനായ് വി.എസ് അച്യുതാനന്ദന്‍ പിടിമുറുക്കുന്നു.

പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ട് വി.എസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൊണ്ടുവരാനാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും താല്‍പര്യം. ഇതിനായി പി.ബി കമ്മീഷന്‍ നടപടി വേഗത്തിലാക്കാന്‍ കഴിഞ്ഞ പി.ബി യോഗത്തില്‍ തീരുമാനമായിരുന്നു.

നിലവില്‍ സി.പി.എം സംസ്ഥാന ഘടകത്തില്‍ വി.എസിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ പിണറായി അനുകൂല നിലപാടു മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസ് എത്തിയാല്‍ അത് ഒരു വിഭാഗത്തിന് കരുത്താകും. നിലവില്‍ മന്ത്രിസഭയില്‍ വി.എസ് അനുകൂല നിലപാട് മേഴ്‌സിക്കുട്ടിയമ്മക്ക് മാത്രമാണുള്ളത്. വി.എസിനൊപ്പം ഉറച്ചുനിന്ന എസ്. ശര്‍മ്മയെ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നുമില്ല.

കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളില്‍ എം.എ ബേബി പിണറായി വിജയനുമായി അകന്ന് വി.എസുമായി അടുപ്പം കൂടുകയാണ്. ധനമന്ത്രി തോമസ് ഐസക്കും സാമ്പത്തിക ഉപദേഷ്ടാവ് നിയമനത്തില്‍ പിണറായിയുമായി ഇടഞ്ഞിരിക്കുകയാണ്. പൊലീസ് ഭരണത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ലോബിക്കും കടുത്ത എതിര്‍പ്പുണ്ട്.

മാത്രമല്ല പി.കെ കുഞ്ഞാലിക്കുട്ടിയോടും കെ.എം മാണിയോടുമുള്ള നിലപാട് മയപ്പെടുത്തുന്നതും സി.പി.എമ്മിനുള്ളില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഈ അനുകൂല സാഹചര്യങ്ങല്‍ മുന്‍നിര്‍ത്തി ഇടപെടല്‍ നടത്താനാണ് വിഎസിന്റെ നീക്കം. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന ആക്ഷേപവും പാര്‍ട്ടി, ഭരണത്തില്‍ ഇടപെടേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടും പ്രമുഖ സിപിഎം നേതാക്കള്‍ക്കിടയില്‍ പോലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

മന്ത്രിമാരില്‍ പലരും പരാതികളുമായി പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് കാണുന്നതായും അണിയറയില്‍ സംസാരമുണ്ട്.

എന്നാല്‍ സംസ്ഥാന കമ്മിറ്റിയിലെയും സെക്രട്ടറിയേറ്റിലെയും ഭൂരിപക്ഷം ഉപയോഗിച്ച് പിണറായി എതിര്‍ശബ്ദങ്ങള്‍ നിശബ്ദമാക്കുകയാണ്. അതിനാല്‍ വി.എസിനെപ്പോലെയൊരു മുതിര്‍ന്ന നേതാവ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയത് തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അതുകൊണ്ട് തന്നെ വിഎസിന്റെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം അദ്ദേഹത്തിന് നല്‍കണമെന്ന അഭിപ്രായം പിണറായിയോടൊപ്പം നിന്നിരുന്ന നേതാക്കള്‍ക്കിടയില്‍ പോലും ഉണ്ടെന്നതാണ് രസകരം.ഈ അനുകൂല സാഹചര്യമാണ് ഇപ്പോള്‍ വിഎസ് ഉപയോഗപ്പെടുന്നത്.

വി.എസിനുള്ള ജനപിന്തുണയാണ് പാര്‍ട്ടിയിലെ എതിരാളികളെപ്പോലും നിശബ്ദരാക്കുന്നത്. മുമ്പ് സംസ്ഥാന നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ എ.കെ.ജി സെന്ററിനു മുന്നിലും സംസ്ഥാന വ്യാപകമായും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. അന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട് നിലപാടുമാറ്റി വി.എസിനെ മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇത്തവണ പ്രചരണ നേതൃത്വം വി.എസിനായിരുന്നെങ്കിലും ഇടത് മുന്നണി മികച്ച വിജയം നേടിയപ്പോള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലായ വി.എസ് ഒരവസരത്തിനായി കാത്ത് നില്‍ക്കുകയാണ്.

അതേസമയം വിഎസിന്റെ സ്ഥാനാരോഹണം സര്‍ക്കാരിന് തലവേദനയാവുമെന്നും അത് പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ പദവി ഉപയോഗപ്പെടുത്തി ഇനി വിഎസ് നടത്താന്‍ പോകുന്ന നീക്കങ്ങളാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സര്‍ക്കാര്‍ വിമര്‍ശന കമ്മീഷനായി മാറുന്നതോടെ അത് സിപിഎം രാഷ്ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കും.

Top