സന്ധിയില്ലാത്ത സമരപോരാളി; സഖാവ് വിഎസ് നൂറു വയസ്സിന്റെ നിറവിൽ

കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്തന് ഇന്ന് (20-10-2023) 100 വയസ് പൂർത്തിയാക്കുകയാണ്. തികഞ്ഞ ഭൗതികവാദിയായ സഖാവ് വിഎസ് പിറന്നാളാഘോഷങ്ങളിൽ തൽപരനായിരുന്നില്ല. എന്നാൽ, ഏഴരപ്പതിറ്റാണ്ടിലധികം പൊതുജീവിതം നയിക്കുകയും മൈക്രോസ്കോപ്പിനു കീഴിൽ വിലയിരുത്തപ്പെടുകയും ചെയ്ത ഒരു ജീവിതം നൂറാം വയസ്സിലും ആരോപണങ്ങൾക്കുപോലും അതീതമായി നിൽക്കുന്നു എന്നത് ആഘോഷാർഹമാണ്.

ഏതാണ്ട് അനാഥമായൊരു ബാല്യം, കൊല്ലപ്പെടുമോ, കൊല്ലേണ്ടി വരുമോ എന്നു നിശ്ചയമില്ലാതെ തുടങ്ങിയ ദൈനംദിന രാഷ്ട്രീയ പ്രവർത്തനം. ഇതെല്ലാം ചേർന്നു രൂപപ്പെടുത്തിയ ആ പോരാളി സമരം തന്നെ ജീവിതം എന്നുറപ്പിച്ചു. രാഷ്ട്രീയ നേതാക്കൾ തമ്മിലും കുടുംബങ്ങൾ തമ്മിലുമുള്ള സൗഹൃദം ചർച്ച ചെയ്യപ്പെടുന്ന കാലത്തു വിഎസ് അടയാളപ്പെടുത്തപ്പെടുക തീൻമേശ മാന്യതകളുടെ പേരിലാവില്ല. അധികാരത്തിന്റെ ഉന്നതശ്രേണിയിൽ താനെത്തിയത് ഒരു വിഭാഗത്തിന്റെ പ്രതിനിധിയായാണെന്നും അവരുടെ ആവശ്യങ്ങളും പ്രതിഷേധവും ക്ഷോഭവും പ്രതിഫലിപ്പിക്കലാണ് തന്റെ ദൗത്യമെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ആ രാഷ്ട്രീയത്തിൽ സന്ധിയില്ലാത്ത, കലർപ്പില്ലാത്ത സ്ഥിരതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനകീയതയുടെ അടിസ്ഥാനം ഈ സ്ഥിരതയും അതിലുള്ള ജനങ്ങളുടെ വിശ്വാസവുമാണെന്നാണ് കരുതുന്നത്.‌

അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദമായി നിലകൊള്ളുക മാത്രമല്ല, അവർക്കു ദിശാബോധം നൽകി നയിക്കുന്നയാളുമാണ് വിഎസ്. ഒരു മട്ട ത്രികോണത്തിന്റെ കർണംപോലെ ചെങ്കുത്തായി സ്ഥിതിചെയ്യുന്ന കേരളത്തിന്റെ ഭൂവിനിയോഗവും ഭൂമിയുടെ അടിസ്ഥാന സ്വഭാവത്തിൽ രൂപപ്പെടാനിടയുള്ള മാറ്റവും ഈ സംസ്ഥാനത്തിന്റെ നിലനിൽപിനെത്തന്നെ ബാധിക്കുമെന്ന തിരിച്ചറിവ് ആദ്യം വന്ന രാഷ്ട്രീയനേതാവാണ് വിഎസ്. വെട്ടിനിരത്തൽ എന്നറിയപ്പെടുന്ന സമരം മുതൽ ഈ പരിസ്ഥിതി രാഷ്ട്രീയം അദ്ദേഹം കൂടെക്കൂട്ടി. പിന്നീടു തിരിച്ചറിവായും ഫാഷനായും പലരും ഹരിതരാഷ്ട്രീയത്തിലേക്കെത്തി.

മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മുൻഗണന ഈ വിഷയത്തിലായിരുന്നു. മൂന്നാർ ഓപ്പറേഷൻ കയ്യേറ്റമൊഴിപ്പിക്കൽ മാത്രമായിരുന്നില്ല, മറിച്ച് തോട്ടം തൊഴിലാളികൾക്കുൾപ്പെടെ ഭൂമി വിതരണം ചെയ്യുന്ന ഒരു നവീന മൂന്നാർ സൃഷ്ടിക്കലായിരുന്നു. നെൽവയൽ നീർത്തട സംരക്ഷണ നിയമം മറ്റൊരു ശ്രമമായിരുന്നു. അക്ഷയ കേന്ദ്രത്തിലെത്തുന്ന അഞ്ചിൽ നാലു പേരും ഫീസടച്ചു പാടം പുരയിടമാക്കാനാണ് ഇന്നു നോക്കുന്നതെങ്കിൽ അത് ആ നിയമം പിന്നീടു മാറ്റിമറിച്ചവരുടെ സംഭാവനയാണ്. പ്രത്യേക സാമ്പത്തികമേഖലയുടെ മറവിൽ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമവും വിഎസ് ശക്തമായി ചെറുത്തു. അതേ വിഎസ് സ്ഥാപിച്ച ഐടി പാർക്കുകൾ സംസ്ഥാനത്തു പന്തലിച്ചു നിൽക്കുന്നു. ഭൂമി തട്ടിയെടുക്കാൻ മാത്രം പ്രത്യേക സാമ്പത്തികമേഖലാ പദ്ധതികളുമായി വന്നവരെ വിഎസ് ചെറുത്തതുപോലെ എതിർക്കാൻ ബംഗാളിൽ ആളുണ്ടായിരുന്നെങ്കിൽ അവിടെ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നുവെന്നു വികസനവിരോധിയായി അദ്ദേഹത്തെ മുദ്രകുത്തിയവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും.

Top