രാഷ്ട്രീയ പ്രമേയം ; യച്ചൂരിയെ പിന്തുണച്ച് വി.എസ് കേന്ദ്ര കമ്മറ്റിക്ക് കുറിപ്പ് നല്‍കി

vs achudhanadhan

തിരുവനന്തപുരം : സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുമായി സഹകരണം വേണമെന്നും, കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കണമെന്നും ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് കോണ്‍ഗ്രസ്സുമായി സഹകരണം നേരിട്ടുണ്ടാക്കിയില്ലെങ്കിലും പ്രാദേശികമായ സഹകരണമോ നീക്കുപോക്കുകളോ ആകാമെന്നുമാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കാരാട്ട് പക്ഷം നിലപാടെടുത്തതോടുകൂടിയാണ് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച കരടില്‍ ധാരണയുണ്ടാകാതെ പോയത്.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്രകമ്മറ്റി ഇന്ന് രൂപം നല്‍കും. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറാക്കിയ രേഖയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള തയ്യാറാക്കിയ രേഖയും കേന്ദ്രകമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ടുകൂട്ടരുടെയും നിലപാട്. എന്നാല്‍ ധാരണയുണ്ടാക്കില്ലെന്നുകൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്ആര്‍പിയുടെയും വാദം. ഇതിനോട് യെച്ചൂരിക്ക് യോജിപ്പില്ല. ഇത് 2019 ല്‍ വിശാല പ്രതിപക്ഷ ഐക്യം അസാധ്യമാക്കുമെന്നാണ് യെച്ചൂരിയുടെ വാദം. എന്നാല്‍ ധാരണയില്ലെന്ന് പറയാതിരുന്നാല്‍ ഒടുവില്‍ കാര്യങ്ങള്‍ പരോക്ഷ സഖ്യത്തില്‍ എത്തിച്ചേരുമെന്നാണ് കാരാട്ടും എസ്ആര്‍പി പക്ഷവും വാദിക്കുന്നത്.

Top