vs achudanadhan – adoor prakash

തിരുവനന്തപുരം: ഷോളയൂരിലെ ആദിവാസി ജീവിതം തകിടം മറിക്കുന്ന വിധത്തില്‍ ഇടപെട്ട റവന്യുമന്ത്രി അടൂര്‍ പ്രകാശിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് കത്തു നല്‍കി.

‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതി’ പ്രകാരം ആലപ്പുഴ മാരാരിക്കുളത്ത് ഒരേക്കര്‍ 60 സെന്റ് കായല്‍തീരം വന്‍കിട റിസോര്‍ട്ടിന് പതിച്ചു നല്‍കുന്നതിന് പകരമായി ഇതിന്റെ അഞ്ചിരട്ടി ഭൂമി പാലക്കാട് ഷോളയൂരില്‍ നല്‍കുന്ന പദ്ധതി ആദിവാസികളെ അത്യന്തം ദോഷകരമായി ബാധിക്കുന്നതാണ്.

50 ശതമാനത്തോളം ആദിവാസികളുള്ള ഇവിടെ ഈ പദ്ധതി നടപ്പാക്കിയാല്‍ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുമെന്നും അത് ആദിവാസി ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മണ്ണാര്‍ക്കാട് അഡിഷണല്‍ തഹസില്‍ദാര്‍, ഒറ്റപ്പാലം സബ്കളക്ടര്‍, പാലക്കാട് ജില്ലാ കളക്ടര്‍ എന്നിവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

140 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കള്ളക്കര ഊരില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് കുന്നിന്‍ചരിവില്‍ പാര്‍പ്പിട നിര്‍മ്മാണത്തിന് ഒട്ടും യോഗ്യമല്ലാത്ത ഈ ഭൂമിയെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നിട്ടും ആദിവാസി ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് റവന്യുമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തില്‍ ആദിവാസികളെ ദ്രോഹിക്കുന്ന വിധത്തിലുളള ഈ നടപടി പിന്‍വലിപ്പിക്കാന്‍ കമ്മിഷന്‍ ഇടപെടണം.

ഒരു സെന്റിന് 500 രൂപ വിലവരുന്ന ഭൂമി നല്‍കി സെന്റിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കുന്നതിന് പിന്നില്‍ കോടികളുടെ അഴിമതിയാണുള്ളത്. ഈ കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും വി.എസ് കത്ത് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ നീതിപീഠത്തെ സമീപിക്കുമെന്ന് വി.എസ് അറിയിച്ചു.

Top