Pathankot attack: US gives new information on Pakistan hand

ന്യൂഡല്‍ഹി: പത്താന്‍കോട് ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദത്തിന് അടിവരയിടുന്ന രേഖകള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറി. ജനുവരി ആദ്യവാരം നടന്ന പത്താന്‍കോട് വ്യോമസേന ഭീകരാക്രമണത്തില്‍ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനു പങ്കുണ്ടെന്നും മസൂദിനെതിരേ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത് പരിഗണിക്കവെയുമാണ് നിര്‍ണായക വിവരങ്ങള്‍ അമേരിക്ക കൈമാറിയിരിക്കുന്നത്.

ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷ് ഇ മുഹമ്മദ് അംഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ഐപി അഡ്രസും സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന അല്‍ റഹ്മത് ട്രെസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി അഡ്രസുമാണ് അമേരിക്ക എന്‍ഐഎയ്ക്കു കൈമാറിയിരിക്കുന്നത്. ഇവയെല്ലാം പാക്കിസ്ഥാനില്‍നിന്നാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും തെളിവു ലഭിച്ചിട്ടുണ്ട്.

പഞ്ചാബ് പോലീസ് എസ്പി സല്‍വീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ട് പോയ ഭീകരര്‍ പത്താന്‍കോട്ടില്‍നിന്ന് പാക്കിസ്ഥാനിലേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് അക്കൗണ്ട് ജയ്ഷ് ഇ മുഹമ്മദ് നേതാവ് കാഷിഫ് ജാനാണ് കൈകാര്യം ചെയ്യുന്നതെന്നും തെളിവ് ലഭിച്ചു. ഈ നമ്പര്‍ കാഷിഫ് ജാനിന്റേതാണ്. കാഷിഫ് ജാന്റെ സുഹൃത്തുക്കളാണ് ഫേസ്ബുക്ക് അക്കൗണ്ടും മറ്റും കൈകാര്യം ചെയ്യുന്നത്. ഇവരും ജിഹാദി പ്രസ്ഥാനത്തിന്റെ ഭാഗമാണ്.

പത്താന്‍കോട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരായ അബ്ദുള്‍ ഖയൂം, നസീര്‍ ഹുസൈന്‍, ഹഫിസ് അബൂബക്കര്‍, ഉമര്‍ ഫറൂഖ് എന്നിവരുടെ ചിത്രങ്ങല്‍ ഇവരുടെ പക്കല്‍ ഉണ്ടെന്നും എന്‍ഐഎയ്ക്ക് അമേരിക്ക കൈമാറിയ രേഖകളില്‍ വ്യക്തമാക്കുന്നു.

Top