ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതി നൽകി വി പി സുഹ്റ

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ. പരാമർശത്തിനെതിരെ വി വി സുഹറ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ‌ക്കാണ് പരാതി നൽകിയത്. നേരത്തെ, ഉമർ ഫൈസിയുടെ പരാമർശത്തിൽ വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു.

നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു വി പി സുഹ്റ പ്രതിഷേധിച്ചത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും വി പി സുഹ്റ വിമര്‍ശിച്ചു.

Top