ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിൽ കേരളത്തിലും ആവേശം, വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ വിജയ് തയ്യാറാകുമെന്നും പ്രതീക്ഷ

മിഴ് നടൻ ദളപതി വിജയ് ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിനോട് പ്രതികരിച്ച് കേരളത്തിലും സോഷ്യൽ മീഡിയ സജീവമാകുകയാണ്. ദളപതിക്ക് തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സംസ്ഥാനമാണ് കേരളം. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് കേരളത്തിലെ ജനങ്ങൾക്കിടയിലെ അഭിപ്രായവും പ്രസക്തമാണ്. വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ദളപതി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പ്രതീക്ഷയോടു കൂടിയാണ് നോക്കി കാണുന്നത്.

വിജയിയെ പോലെയുള്ള മനുഷ്യ സ്നേഹിയായ കലാകാരൻ രാഷ്ട്രീയ രംഗത്ത് വരുന്നത് പ്രതീക്ഷ നല്കുന്നതാണെന്നതാണ്, ക്യാമറയ്ക്ക് മുന്നിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലാത്തവർ പോലും വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ് നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേകം സിനിമകൾ ഉണ്ടാകുന്നവർ വരെ, മുൻപ് ഉണ്ടായ സാഹചര്യത്തിൽ വിജയ്‌ എടുത്ത തീരുമാനം ശരിയെന്നാണ് ചിലരുടെ പ്രതികരണം. സിനിമാ ജീവിതത്തിലൂടെ വലിയ ആരാധക സ്നേഹം സ്വന്തമാക്കിയിട്ടുള്ള ദളപതി നല്ല കാര്യങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് കരുതുന്നതായും അവർ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

വിജയ് നേതൃത്വം നൽകുന്ന ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി 2026ൽ തമിഴ്നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്നാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്. എം.കെ സ്റ്റാലിനും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഭരണാധികാരി ആയതിനാൽ പോരാട്ടം അടുത്ത തവണ കടുപ്പമാകുമെന്ന വിലയിരുത്തലും ഉയർന്നു വന്നിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് തമിഴ് നാട് ഭരണം പിടിക്കാൻ ബുധിമുട്ടുണ്ടാകില്ലന്നതാണ്, മറ്റൊരു വിലയിരുത്തൽ.

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ എത്തുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് കൂടുതൽ പേരും രേഖപ്പെടുത്തിയത്. എന്നാൽ വിജയിയെ പോലെ നന്മയുള്ള ആളുകൾ എത്തുന്നത് നല്ലതാണെന്നും കൂടുതൽ പേരും പ്രതികരിക്കുകയുണ്ടായി. “വിജയ് മുൻപ് നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹം സ്വീകരിച്ച നിലപാടുകളും പ്രതീക്ഷ നൽകുന്നതാണ്, അതിനാൽ അദ്ദേഹം വരുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നാണ്” നിരവധി പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിലർ സിനിമാ രംഗത്ത് നേടുന്ന ജനപ്രീതി മുതലെടുത്ത് രാഷ്ട്രീയത്തിൽ എത്തുന്നത് ജനസേവനത്തിനല്ലെന്നും മറ്റ് ലക്ഷ്യങ്ങൾക്കാണെന്നും, അത്തരക്കാരെ ജനം തിരസ്കരിക്കുമെന്ന ഒറ്റപ്പെട്ട അഭിപ്രായങ്ങളും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെങ്കിലും, ആ പാർട്ടിയുടെ ഭാവി എന്താണെന്നാണ്, ഇപ്പോൾ രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. (എക്സ്പ്രസ് കേരളയോട് നടത്തിയ പ്രതികരണത്തിന്റെ പൂർണരൂപം കാണുക)

Top