യന്ത്രത്തില്‍ തകരാര്‍ ; വയനാട്ടില്‍ റീ പോളിംഗ് നടത്തണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന പരാതി ഉയര്‍ന്നതോടെ റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നെന്നും റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വക്കറ്റ് സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് കത്ത് നല്‍കി. രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി.

അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയ സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം നീട്ടി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നു. ഇവിടെയും പോളിംഗ് നിര്‍ത്തിവച്ച് തകരാര്‍ പരിശോധിച്ചുവരികയാണ്. മെഷീനുകളുടെ തകരാര്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

Top