പ്രവാസികള്‍ക്ക് വോട്ടവകാശം ; നിയമ ഭേദഗതി ബില്ല് ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

പകരക്കാരെക്കൊണ്ട് വോട്ട് ചെയ്യിക്കാന്‍ സൗകര്യം ഒരുക്കുന്നതാണ് ഭേദഗതി.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് അടിയന്തിരമായി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നിയമം ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

ബില്ലിന്റെ രൂപരേഖ തയ്യാറായാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയെടുക്കും. ജനപ്രാതിനിത്യ നിയമത്തിലെ 8, 20, 60 വകുപ്പുകളാണ് ഭേദഗതി ചെയ്യുക.

പ്രോക്‌സി വോട്ട് ചെയ്യാന്‍ പ്രവാസി വോട്ടര്‍ സ്വന്തം മണ്ഡലത്തിലെ വോട്ടറായ പകരക്കാരനെ നിര്‍ദ്ദേശിക്കണം. പകരക്കാരന്‍ ആരെന്നതു സംബന്ധിച്ച് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റോ നോട്ടറിയോ സാക്ഷ്യപ്പെടുത്തി വേണം അപേക്ഷിക്കാന്‍. നിലവില്‍ സൈനികര്‍ക്ക് 2002 മുതല്‍ പ്രോക്‌സി വോട്ടുണ്ട്.

സൈനികര്‍ അവരുടെ അടുത്ത ബന്ധുക്കളെയാണ് പ്രോക്‌സി വോട്ടറാക്കുന്നത്. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നയാളുടെ നടുവിരലിലാണ് മഷി രേഖപ്പെടുത്തുക.

Top