2015ലെ വോട്ടര്‍ പട്ടിക; കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്നും തദ്ദേശ തെരഞ്ഞെടുപ്പിനായി 2015 ലെ പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

എന്‍ വേണുഗോപാല്‍, എം മുരളി, കെ സുരേഷ് ബാബു എന്നീ നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷി ആക്കിയാണ് ഹര്‍ജി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ കൂടി പിന്തുണച്ചതിന് പിന്നാലെ തന്നെ കമ്മീഷനെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

Top