വോട്ടർ പട്ടിക പുതുക്കൽ, ഇതു വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 31 വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകളാണ്. 9,66,983 അപേക്ഷകളാണ് ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം ലഭിച്ചതാണിവ.പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ കലക്ടർമാർക്കും ഒരു കംപ്യൂട്ടർ പ്രോസസറുടെ കൂടി സേവനം ലഭ്യമാക്കാൻ അനുമതി നൽകി.

ജില്ലകളിൽനിന്ന് ലഭിക്കുന്ന പട്ടിക 16ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കും. കമ്മിഷന്റെ അനുമതിയോടെ ജനുവരി 20ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.അന്തിമ വോട്ടർപട്ടികയിൽ പേര് വന്നവർക്ക് താമസം കൂടാതെ തിരിച്ചറിയൽ കാർഡ് നൽകാൻ നടപടി സ്വീകരിക്കും. ഈ ജനുവരി ഒന്നുമുതൽ ലഭിക്കുന്ന അപേക്ഷകളുടെ പരിശോധന 20ന് ശേഷം ആരംഭിക്കും. ഇവയിൽ യോഗ്യമായവ ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.

Top