വോട്ടർ പട്ടികയിൽ ക്രമക്കേട്: റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയത്.

ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകി.

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുകയാണെന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ ഒരേ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേർത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Top