വോട്ട് ചെയ്യുന്നുണ്ടോ എന്ന് അറിയാന്‍ പോളിംഗ് ബൂത്തുകളില്‍ മോദി സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് എംഎല്‍എ

ഫത്തേപൂര്‍: ബി.ജെ.പിക്കു വേണ്ടി ആരൊക്കെ വോട്ടു ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ നരേന്ദ്രമോദി പോളിംഗ്ബൂത്തുകളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി പാര്‍ട്ടി എം.എല്‍.എ. ഫത്തേപൂരിലെ എം.എല്‍.എ രമേഷ് കാട്ടാരയാണ് വിവാദ പ്രസ്താവന നടത്തി ബിജെ.പിയെ പ്രതിരോധത്തിലാക്കിയത്. എം.എല്‍.എയുടെ പ്രസംഗം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കോണ്‍ഗ്രസിനാണോ ബി.ജെ.പിക്കാണോ നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ഡല്‍ഹിയില്‍ ഇരുന്ന് മോദി കാണുമെന്നും അതിന്റെ അടിസ്ഥാനത്തിലെ ഇനി സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കുകയുള്ളൂ എന്നുമായിരുന്നു എം.എല്‍.എയുടെ പ്രസംഗം. ദഹോദ് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജസ്വന്ത്സിന്‍ഹ് ബാബോറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലായിരുന്നു രമേഷിന്റെ വിവാദ പരാമര്‍ശം. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എറെയുള്ള ദഹോദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബാബു കാട്ടാരയാണ് ജസ്വന്ത്സിന്‍ഹിന്റെ എതിരാളി. 2017-ലെ തെരഞ്ഞെടുപ്പില്‍ ദഹോദ് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ നാലെണ്ണം ബി.ജെ.പിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് ലഭിച്ചത്.

Top