Vote for M Swaraj Social media campaign

കൊച്ചി: ഹൈടെക് പ്രചരണ രംഗത്ത് വ്യത്യസ്ത പ്രചരണവുമായി ടീം സ്വരാജ്.

തൃപ്പൂണിത്തുറയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ എം സ്വരാജിന് വേണ്ടിയാണ് പുതുമയാര്‍ന്ന വോട്ട് പിടിത്തം.

തൃപ്പൂണിത്തുറയില്‍ നിന്ന് തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുവരെ സ്വരാജിന് വോട്ട് തേടിയുള്ള പുതുമയാര്‍ന്ന ഹൈടെക് പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.

മണ്ഡലത്തിലുള്ളവര്‍ ‘ഞങ്ങളുടെ വോട്ട് സ്വരാജിന് വേണ്ടിയാണ് നിങ്ങളും സ്വരാജിന് വോട്ട് ചെയ്യണമെന്ന്’ അഭ്യര്‍ത്ഥിച്ച് സെല്‍ഫിയായി വീഡിയോ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്.

വിദേശ രാജ്യങ്ങളിലും മറ്റ് മണ്ഡലങ്ങളിലുമുള്ള സ്വരാജിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാകട്ടെ തങ്ങള്‍ക്ക് സ്വരാജിന് വോട്ട് ചെയ്യാന്‍ പറ്റാത്തതിലുള്ള ദു:ഖം രേഖപ്പെടുത്തി തൃപ്പൂണിത്തുറയിലെ ജനങ്ങളോട് സ്വരാജിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചാണ് സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

സ്ത്രീകളും യുവാക്കളും കുട്ടികളും വൃദ്ധരുമടക്കം സമസ്ത മേഖലയില്‍ നിന്നുള്ളവരും ഈ സെല്‍ഫി തരംഗത്തിന്റെ ഭാഗമായിട്ടുണ്ട്.

ടീം സ്വരാജ് തുടക്കമിട്ട ഈ വ്യത്യസ്ത പ്രചരണം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

കവിയും പ്രാസംഗികനും എഴുത്തുകാരനും കൂടിയാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ സ്വരാജെന്ന് വോട്ടര്‍മാരെ വ്യത്യസ്ത പ്രതികരണങ്ങളിലൂടെ സ്വരാജിനെ നേരിട്ട് അറിയുന്നവരും, സഖാക്കളും ഓര്‍മ്മപ്പെടുത്തുന്നു.

സംസ്ഥാന മന്ത്രിസഭയിലെ കരുത്തനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ കെ ബാബു അനായാസ വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ മണ്ഡലം ഇപ്പോള്‍ പ്രവചനാതീതമായിരിക്കുകയാണ്.

പ്രചരണ രംഗത്തെ ഇടതുമുന്നേറ്റം തടയാന്‍ മറുവിഭാഗവും ഇപ്പോള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് സോഷ്യല്‍മീഡിയ തന്നെയായതിനാല്‍ വ്യത്യസ്ത പ്രചരണത്തിനായും കടുത്ത മത്സരമാണ് ഈ രംഗത്ത് ഇപ്പോള്‍ നടക്കുന്നത്.

( സ്വരാജിനായ് വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോകളില്‍ ചിലത് താഴെ കാണാം )

Top