വോള്‍വോയുടേത് അവസാന ഡീസല്‍ കാര്‍; ഇനി ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം നിര്‍മാണത്തിലേക്ക്

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ പ്രകൃതി സൗഹാര്‍ദ വാഹനങ്ങളുടെ പട്ടികയില്‍ ഇടംനേടാനുള്ള നീക്കത്തിലാണ്. 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിര്‍മിക്കുന്ന കമ്പനിയായി മാറുകയാണ് വോള്‍വോയുടെ ലക്ഷ്യമെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. ഇതിലേക്കുള്ള ചുവടുവയ്പ്പായാണ് ഒന്നിന് പുറകെ മറ്റൊന്നായി രണ്ട് ഇലക്ട്രിക് മോഡലുകള്‍ നിരത്തുകളില്‍ എത്തിച്ചത്.

വൈദ്യുതി വാഹനങ്ങളാണ് ഗതാഗതത്തിന്റെ ഭാവി. കംപസ്റ്റിന്‍ എന്‍ജിന്‍ വാഹനങ്ങളെക്കാള്‍ മികച്ച് നില്‍ക്കുന്നവയുമാണ് ഇവ. കുറഞ്ഞ ശബ്ദം, കുലുക്കം എന്നിവയ്ക്കൊപ്പം സര്‍വീസ് ചാര്‍ജിന്റെ കുറവ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതിനുപുറമെ, മലിനീകരണമില്ലെന്നതും ആകര്‍ഷകമാണ്. അതുകൊണ്ടുതന്നെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് വോള്‍വോ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ജീം റോവന്‍ അഭിപ്രായപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ള ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന അവസാന വോള്‍വോ കാര്‍ നിര്‍മിക്കപ്പെടും. ഇതോടെ ഡീസലിനോട് വിടപറയുന്ന കാറുകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ തന്നെ വോള്‍വോയും സ്ഥാനം പിടിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 2024-ഓടെ ഡീസല്‍ കാറുകളുടെയും, എസ്.യു.വികളുടെയും നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോയുടെ സമീപകാല വില്‍പ്പന വിവരങ്ങളും ഇലക്ട്രിക്കിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം നിര്‍മാണത്തിലേക്ക് തിരിയാനും 2040-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയായി മാറുകയുമാണ് വോള്‍വോയുടെ പ്രഖ്യാപിത ലക്ഷ്യം. 2019 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ യൂറോപ്പില്‍ ഡീസല്‍ കാറുകള്‍ക്കാണ് വോള്‍വോ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ആയതോടെ വോള്‍വോയുടെ ഡീസല്‍ കാറുകളുടെ വില്‍പ്പന 8.9 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫോക്സ് വാഗണ്‍ എമിഷന്‍ തട്ടിപ്പിനെ തുടര്‍ന്ന് യൂറോപ്പില്‍ ഡീസല്‍ കാറുകളുടെ പ്രാധാന്യം കുറഞ്ഞതും വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വോള്‍വോയുടെ സമീപകാല വില്‍പ്പന വിവരങ്ങളും ഇലക്ട്രിക്കിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് മൊത്തം വില്‍പ്പനയുടെ 33 ശതമാനവും ഇലക്ട്രിക്/ ഹൈബ്രിഡ് വാഹനങ്ങളാണ്. എന്നാല്‍, അവശേഷിക്കുന്ന 67 ശതമാനത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന പ്രത്യേകമായി പറയുന്നില്ല.

Top