വോള്‍വോ XC40യുടെ ഇലക്ട്രിക് പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തും

വോള്‍വോയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വി മോഡലായ XC 40യുടെ ഇലക്ട്രിക് പതിപ്പ് 2021-ഓടെ ഇന്ത്യയിലെത്തും. സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ XC 40 റീച്ചാര്‍ജ് ഇതിനോടകം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. വോള്‍വോ XC40യുടെ റെഗുലര്‍ മോഡലിന് സമാനമാണ് ഇതെങ്കിലും 78 കിലോവാട്ട് ബാറ്ററി പാക്കും ട്വിന്‍ ഇലക്ട്രിക് മോട്ടോറുകളുമാണ് XC 40 ഇലക്ട്രിക്കിലുള്ളത്. ഇത് 408 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് കഴിയും. 4.7 സെക്കന്റില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററായിരിക്കും.

11 കിലോവാട്ട് റെഗുലര്‍ ചാര്‍ജറും 150 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും സപ്പോര്‍ട്ട് ചെയ്യുന്ന ഇതിന് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശാതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, റെഗുലര്‍ മോഡലിലെ പെട്രോള്‍ ലിഡിന് സ്ഥാനത്ത് നല്‍കിയിട്ടുള്ള ചാര്‍ജിങ്ങ് സോക്കറ്റ്, എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ വ്യത്യസ്തമാക്കും. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള ടച്ച് സ്‌ക്രീന്‍ ഹെഡ് യൂണിറ്റാണ് അകത്തെ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോറേജ്, വോള്‍വോ ഓണ്‍ കോള്‍ തുടങ്ങിയ ഫീച്ചേഴ്‌സില്‍ ഇതില്‍ ലഭിക്കും. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ഭാഗത്തെ ബോണറ്റിനടിയില്‍ ചെറിയ സ്റ്റോറേജ് സ്‌പേസുമുണ്ട്.

Top