പൂര്‍ണമായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി വോള്‍വോ

2030 ഓടെ സമ്പൂര്‍ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പദ്ധതിയിട്ട് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. ഇതുകൂടാതെ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന നടത്തുമെന്നും വോള്‍വോ അറിയിച്ചു. ജഗ്വാര്‍ ലാന്‍ഡ് റോവറിന് പിന്നാലെയാണ് വോള്‍വോയുടെ പ്രഖ്യാപനം വന്നത്.

2030-ഓടെ വോള്‍വോയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിരത്തിലെത്തുക. 2030 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ നിര്‍മിക്കൂവെന്ന് ഫോര്‍ഡും പ്രഖ്യാപിച്ചിരുന്നു. 2025-ഓടെ ഭാഗികമായി ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കും. ഇതിനൊപ്പം വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈനിലേക്ക് മാറും. 2030-ന് ശേഷം വോള്‍വോ വാഹനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ മാത്രമായിരിക്കും ലഭ്യമാക്കുക.

വാഹനം തിരഞ്ഞെടുക്കുന്നതിലും വാങ്ങുന്നതിലും ഏറെ സങ്കീര്‍ണതകളുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ ഈ പ്രക്രിയ ഏറെ സുതാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വോള്‍വോ അഭിപ്രായപ്പെട്ടു. വാഹനം തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലഘുവാക്കുന്നതിതിനൊപ്പം കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള പദ്ധതികളും ഒരുക്കുമെന്നും വോള്‍വോ അറിയിച്ചു.

 

 

 

 

 

 

 

 

Top