വോള്‍വോയുടെ ആദ്യ വൈദ്യുത കാര്‍ ഒക്ടോബര്‍ 10ന് അവതരിപ്പിക്കും

വോള്‍വോയുടെ ആദ്യ വൈദ്യുത കാറായ എക്‌സ് സി 40 ഒക്ടോബര്‍ 10ന് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി അധികൃതര്‍. വൈദ്യുത വാഹന വിഭാഗത്തിലെ ഏറ്റവും സുരക്ഷിത മോഡലാവും ഇതെന്നാണ് വോള്‍വോയുടെ വാഗ്ദാനം. വോള്‍വോ കാറുകളില്‍ ലഭ്യമായ സുരക്ഷാ സാങ്കേതികവിദ്യകളെല്ലാം വൈദ്യുത കാറിലും പ്രതീക്ഷിക്കാമെന്നും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്.

ഇതുവരെ നിര്‍മിച്ചതിലേറ്റവും സുരക്ഷിതമായ കാര്‍ തന്നെയാവും എക്‌സ് സി 40 എസ്.യു.വിയുടെ വൈദ്യുത പതിപ്പെന്നാണ് വോള്‍വോ കാഴ്‌സ് സുരക്ഷാ വിഭാഗം മേധാവി മലിന്‍ എക്കോം വിശദീകരിക്കുന്നത്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സെന്‍സര്‍ പ്ലാറ്റ്‌ഫോമും വോള്‍വോയും വിയോനീറും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സെന്വിറ്റി രൂപകല്‍പ്പന ചെയ്ത പ്രത്യേക സോഫ്‌റ്റ്വെയര്‍ കാറിലുണ്ടാവും. വിവിധ റഡാറുകളില്‍ നിന്നും ക്യാമറകളില്‍ നിന്നും അള്‍ട്രാ സോണിക് സെന്‍സറുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ സെന്‍സറിന്റെ പ്രവര്‍ത്തനം.

അപകടഘട്ടത്തിലും യാത്രക്കാരെ പോലെ ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളാണു വോള്‍വോ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ഘടനയില്‍ മധ്യ ഭാഗത്തായാണു ബാറ്ററിയുടെ സ്ഥാനം. എക്‌സ്ട്രൂഡഡ് അലൂമിനിയം നിര്‍മിത ഫ്രെയിമിലുള്ള സുരക്ഷാ കവചത്തിലാണു ബാറ്ററി ഇടം പിടിക്കുന്നത്. കൂട്ടിയിടി പോലുള്ള അപകടവേളകളിലെ അമിത ആഘാതം ഏറ്റെടുക്കാനായി ബാറ്ററിക്കു ചുറ്റും ക്രംപിള്‍ സോണും സജ്ജമാക്കിയിട്ടുണ്ട്.

കാറിന്റെ തറനിരപ്പിലും താഴെയാണു എക്‌സ് സി 40യില്‍ ബാറ്ററിയുടെ സ്ഥാനമെന്നതിനാല്‍ എസ്.യു.വിയുടെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തെയും താഴ്ത്തുകയും കരണം മറിയുന്ന വേളയില്‍ മികച്ച സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ വാദം.

Top