യുക്രൈൻ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി

ഹിരോഷിമ: ജി.സെവൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്കി മോദിയെ ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈൻ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന മോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സെലൻസ്കി പറഞ്ഞു.

ജി 7 ഉച്ചകോടിക്കിടെ ഇന്നലെയാണ് ഇരു നേതാക്കളും കണ്ടത്. ഉച്ചകോടിക്കുള്ള ജപ്പാൻ സന്ദർശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാനും മോദി സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ രാജ്യാതിർത്തികൾ കടന്നുള്ള ഇടപെടലിനേയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സമ്മേളനത്തിൽ അംഗ രാജ്യങ്ങൾ സംയുക്ത പ്രമേയം അവതരിപ്പിച്ചു.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ ഉറപ്പ് എന്നത് ശ്രദ്ധേയമാണ്.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ആശ്ലേഷിച്ച് പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു. ഹിരോഷിമയില്‍ ഇന്ന് അവസാനിക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദി-സെലന്‍സ്കി കൂടിക്കാഴ്ച നടന്നത്. യുക്രെയന്‍ യുദ്ധമെന്നത് കേവലം സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയത്തിന്റെയും പ്രശ്നമായി മാത്രം കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചിരുന്നു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ച നടന്നത്.

റഷ്യയെ വിമര്‍ശിക്കാതെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് നേരത്തെ വിമര്‍ശന വിധേയമായിരുന്നു. അതേ സമയം കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് അടുത്തമാസം മോദി അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്. ജി ഏഴ് ഉച്ചകോടിക്കിടെ ജോ ബൈഡനേയും, ഋശി സുനകിനെയും മോദി ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Top