പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി വോക്‌സ്‌വാഗണ്‍

പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ വോക്‌സ്‌വാഗണ്‍ എത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന കമ്പനിയായ ഒറിക്സുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് വോക്‌സ്‌വാഗണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന മോഡലുകള്‍. കാറുകള്‍ 2, 3, അല്ലെങ്കില്‍ 4 വര്‍ഷത്തേക്ക് ലീസിംഗ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

തുടക്കത്തില്‍ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഔട്ട്‌ലെറ്റുകളില്‍ കാര്‍ നിര്‍മ്മാതാവ് പദ്ധതി ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ടൈഗൂണ്‍ എസ്യുവിയെ വോക്‌സ്‌വാഗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പുറത്തിറക്കുമെന്നും വോക്‌സ്‌വാഗണ്‍ അറിയിച്ചു.

കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി രാജ്യത്ത് ജനപ്രീതി നേടുന്നതായും പ്രത്യേകിച്ച് നഗര യുവ മധ്യവര്‍ഗക്കാര്‍ക്കിടയില്‍, സൗകര്യപ്രദമായ ഉടമസ്ഥാവകാശ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Top