ഫോക്സ്വാഗണിന്റെ പുതിയ കോമ്പാക്ട് എസ്യുവി ടി-ക്രോസ് ഉടന്‍ വിപണിയിലേക്ക്

ഫോക്സ് വാഗണിന്റെ പുതിയ കോമ്പാക്ട് എസ്യുവി ടി-ക്രോസ് ആഗോള വിപണിയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ആഗോള വിപണിയില്‍ ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം എസ്യുവി അവതരിക്കും. ഇന്ത്യയില്‍ 2020 ഓടെ മോഡലിനെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ചെറു എസ്യുവിയായിരിക്കും പുതിയ ഫോക്സ്വാഗണ്‍ ടി-ക്രോസ്. കമ്പനിയുടെ ഏറ്റവും പുത്തന്‍ ഡിസൈന്‍ ശൈലി അഞ്ചു സീറ്റര്‍ എസ്യുവി അവകാശപ്പെടും.

ക്രോം സ്ലാറ്റ് ഗ്രില്ലിനോട് ചേര്‍ന്നണയുന്ന ഹെഡ്ലാമ്പുകളാണ് ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടുന്നത്. ഫോഗ്ലാമ്പുകള്‍ക്ക് അടിവര നല്‍കുംവിധത്തിലാണ് മുന്നില്‍ സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുക. കമ്പനി പുറത്തുവിട്ട മോഡലിന്റെ രേഖാചിത്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. 16 ഇഞ്ച് അലോയ് വീലുകള്‍ ടി-ക്രോസില്‍ പ്രതീക്ഷിക്കാം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ശ്രദ്ധയാകര്‍ഷിക്കും.

സ്‌കിഡ് പ്ലേറ്റും മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന സ്പോയിലറും മോഡലിന്റെ സവിശേഷതകളില്‍പ്പെടും. ഇന്ത്യന്‍ വിപണിയ്ക്കായി കമ്പനി പ്രത്യേകം വികസിപ്പിക്കുന്ന MQB A0 അടിത്തറയിലാണ് ടി-ക്രോസ് പുറത്തുവരിക. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ടി-ക്രോസില്‍ ഒരുങ്ങുമെന്നു പ്രതീക്ഷിക്കാം. അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിങ്ങനെയായിരിക്കും ഗിയര്‍ബോക്സ്.

Top