ഫോക്സ് വാഗണ്‍ മാറ്റത്തിന്റെ പാതയില്‍; പോളോ, വെന്റോ വാഹനങ്ങള്‍ നിര്‍ത്തലാക്കുമോ?

ഫോക്സ് വാഗണിന് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. എന്നാല്‍ വാഹന പ്രേമികളുടെ നെഞ്ചിടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ഡീസല്‍ പതിപ്പുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു. അടുത്ത വര്‍ഷം ഡീസല്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കില്ല എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം 2020ല്‍ പോളോ ജിടി, വെന്റോ എന്നിവയില്‍ 1.0 എല്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ബിഎസ് -6 എമിഷന്‍ മാനദണ്ഡങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത്. 1.5 ടിഡിഐ ഡീസല്‍ എന്‍ജിന്‍, 1.2 ടിഎസ്ഐ പെട്രോള്‍ എന്‍ജിന്‍, 1.6 എംപിഐ പെട്രോള്‍ എന്നീ എന്‍ജിനുകളാണ് ഈ രണ്ട് മോഡലുകളില്‍ നിന്ന് നീക്കുന്നത്.

പുതിയ എന്‍ജിനുകള്‍ പതിപ്പിച്ചുള്ള പോളോയും വെന്റോയും 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും, ഏപ്രിലോടെ വില്‍പ്പന ആരംഭിക്കുമെന്നുമെന്നും കമ്പനി പറയുന്നു.

1.2 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനിലാണ് നിലവില്‍ പോളോ ജിടി ടിഎസ്ഐ എത്തുന്നത്. ഇതിനുപകരമാണ് 1.0 ലിറ്റര്‍ ടിഎസ്ഐ എന്‍ജിന്‍ നല്‍കുന്നത്. പുതിയ 1.0 എല്‍ ടിഎസ്ഐ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നിലവിലെ എഞ്ചിനേക്കാള്‍ ശക്തമായിരിക്കും. നിലവിലെ 1.2 എല്‍ ടിഎസ്‌ഐ എഞ്ചിന്‍ 105 ബിഎച്ച്പിയും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പുതിയ 1.0 എല്‍ ടിഎസ്‌ഐ എഞ്ചിന്‍ 115 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും നല്‍കും.

Top