മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ച് ഫോക്സ്‍വാഗണ്‍

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് പുതിയ മള്‍ട്ടിവാന്‍ ഏഴ് സീറ്റര്‍ പ്രീമിയം എംപിവി അവതരിപ്പിച്ചു. ഫോക്സ്‍വാഗണ്‍ കാരവെല്ലെ എംപിവിയില്‍ ഉപയോഗിച്ച ട്രാന്‍സ്പോര്‍ട്ട്ഡ് പ്ലാറ്റ്ഫോമിനു പകരം ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് 2022 ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍ ഒരുക്കിയിരിക്കുന്നത് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാനുകളിലൊന്നായ ഫോക്സ്‍വാഗണ്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ ആണ് കഴിഞ്ഞ 71 വര്‍ഷമായി പല പേരുകളില്‍ പല രൂപങ്ങളില്‍ നിരത്തിലെത്തുന്നത്. ആദ്യകാലത്ത് ടൈപ്പ് വണ്‍ അഥവാ ടി വണ്‍ എന്ന പേരില്‍ കമ്പനി വാനുകള്‍ നിര്‍മിച്ചിരുന്നു. 1990ല്‍ ഇവ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.

ഏഴാം തലമുറയാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ടറിനെ അടിസ്ഥാനമാക്കി കാരവല്ലെ എന്ന പേരില്‍ ഒരു ആഡംബര എംപിവി കമ്പനി പുറത്തിറക്കിയിരുന്നു. മള്‍ട്ടിവാന്റെ വരവോടെ കാരവല്ലയും അണിയറയിലേക്ക് പിന്മാറും.

കൂടുതല്‍ സൗകര്യപ്രദമായ ഇന്റീരിയര്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി, ആദ്യമായി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 2022 ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍ പുതിയ രൂപകല്‍പ്പന. 4,973 mm നീളവും 1,941 mm വീതിയും 1,903 mm ഉയരവുമുണ്ട് മള്‍ട്ടിവാനിന്. 3,124 mm വീല്‍ബേസും ഇതിനുണ്ട്. 5,173 mm നീളമുള്ള ലോംഗ് വീല്‍ബേസ് പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മെക്കാനിക്കല്‍ മാറ്റങ്ങളോടൊപ്പം 7-സീറ്റര്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്തു. മുന്നിലും മധ്യനിരയിലും ക്യാപ്ടന്‍ സീറ്റുകളാണ്. മൂന്ന് സീറ്റുകള്‍ പിറകില്‍ നല്‍കിയിട്ടുണ്ട്. ഇരട്ട നിറങ്ങള്‍ വാഹനത്തിന് ആഡ്യത്വം കൂട്ടുന്നു. വീതിയുള്ള ഗ്രില്ലും എല്‍ഇഡി ലൈറ്റുകളും ആകര്‍ഷകം. മള്‍ട്ടിവാന്‍ ഇന്റീരിയര്‍ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ വിശാലമാണ്.

മോഡുലാര്‍ സീറ്റിങ് സിസ്റ്റവും മള്‍ട്ടിഫംഗ്ഷന്‍ ടേബിളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. സീറ്റുകള്‍ മുന്നിലേക്കും പിന്നിലേക്കും യഥേഷ്ടം നീക്കാനാവും. പിന്‍ സീറ്റുകള്‍ പൂര്‍ണമായും നീക്കംചെയ്യാം. രണ്ടാമത്തെ വരിയില്‍ വേര്‍തിരിക്കാത്ത സീറ്റും പിടിപ്പിക്കാനാകും. പരമ്പരാഗത ഹാന്‍ഡ്ബ്രേക്ക്, ഗിയര്‍ സെലക്ടര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

ഇതിലൂടെ സെന്റര്‍ കണ്‍സോള്‍ നീക്കം ചെയ്യാനായത് നിര്‍ണായകമാണെന്ന് ഫോക്സ്‍വാഗണ്‍ പറയുന്നു. അടിസ്ഥാന പതിപ്പിന് 469 ലിറ്റര്‍ ബൂട്ട് ഇടം ഉണ്ട്. പിന്‍വശത്തെ സീറ്റുകള്‍ നീക്കം ചെയ്താല്‍ ഇത് 1,844 ലിറ്റര്‍ വരെ വര്‍ധിക്കും.

രണ്ടാം വരി 180 ഡിഗ്രി നീക്കി കോണ്‍ഫറന്‍സ് ശൈലിയില്‍ ഇരിക്കാവുന്ന കോണ്‍ഫിഗറേഷനുകള്‍ സൃഷ്ടിക്കാന്‍ കഴിയും. പുതിയ മള്‍ട്ടിവാന് വേണ്ടി രൂപകല്‍പ്പന ചെയ്ത നൂതന മള്‍ട്ടി-ഫംഗ്ഷന്‍ ടേബിലുണ്ട്. സെന്‍ട്രല്‍ ട്രാക്ക് ഉപയോഗിച്ച്, ഏത് സീറ്റിംഗ് നിരകള്‍ക്കിടയിലും ഇത് നീക്കാന്‍ കഴിയും, കൂടാതെ മുന്‍ സീറ്റുകള്‍ക്കിടയിലുള്ള സെന്റര്‍ കണ്‍സോളായി ഉപയോഗിക്കാന്‍ കഴിയും.

പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന ടേബിളില്‍, ഹൈറ്റ് അഡ്ജസ്റ്റ്, മൂന്ന് കപ്പ് ഹോള്‍ഡറുകള്‍, ഒരു സ്റ്റോറേജ് ബിന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ഇ-സിം അധിഷ്ഠിത കണക്റ്റഡ് കാര്‍ ടെക്കും പുതിയ മള്‍ട്ടിവാനില്‍ ഘടിപ്പിച്ചിരിക്കുന്നു.

14 ഹൈ-എന്‍ഡ് സ്പീക്കറുകളുള്ള ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, 840 വാട്ട് മ്യൂസിക് ഔട്ട്പുട്ടുള്ള 16-ചാനല്‍ ഇഥര്‍നെറ്റ് ആംപ്ലിഫയര്‍, നാല് സൗണ്ട് ക്രമീകരണങ്ങള്‍ എന്നിവയുമായാണ് ഇത് വരുന്നത്.

ഇലക്ട്രിക്കലായി പ്രവര്‍ത്തിക്കുന്ന റിയര്‍ ഹാച്ച്, പവര്‍ സ്ലൈഡിംഗ് ഡോറുകള്‍ LowE ലാമിനേറ്റഡ് സേഫ്റ്റി ഗ്ലാസുള്ള പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് എംപിവിക്ക് ലഭിക്കുന്നത്. പ്രവേശനം എളുപ്പത്തിലാക്കാന്‍ സ്ലൈഡിംഗ് ഡോറുകള്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

150 bhp, 1.4 ലിറ്റര്‍ TSI എഞ്ചിന്‍, 85 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ എന്നിവ 218 bhp സംയോജിത പവര്‍ ഔട്ട്പുട്ട് ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്‍ ഇഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്നു. ഇഹൈബ്രിഡ് ഒരു ബെസ്‌പോക്ക് ആറ് സ്പീഡ് DSG ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നു. ഹ്രസ്വ നഗര യാത്രകളില്‍ വൈദ്യുതി മാത്രം ഉപയോഗിച്ച് വാഹനം പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ 13 കിലോവാട്ട് ബാറ്ററി സഹായിക്കും.

ഫോക്സ്‍വാഗണ്‍ അവകാശപ്പെടുന്നതനുസരിച്ച് പരമാവധി 50 കിലോമീറ്റര്‍ ദൂരം വൈദ്യുതി ഉപയോഗിച്ച് സഞ്ചരിക്കാന്‍ മള്‍ട്ടിവാനിനാകും. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഹനത്തില്‍ ലഭ്യമാണ്.

13 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി ഫോക്സ്‍വാഗണ്‍ മള്‍ട്ടിവാന്റെ ഫ്‌ലാറ്റ് ഫ്‌ലോറിനു കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഇന്റീരിയര്‍ ഇടം ലാഭിക്കുകയും ഹാനഡ്ലിംഗ് മെച്ചപ്പെടുത്തുന്നതിനായി വാഹനത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രം കുറയ്ക്കുകയും ചെയ്യുന്നു. ഫ്രണ്ട് വിംഗിന്റെ വലതുവശത്താണ് ചാര്‍ജിംഗ് പോയിന്റ് സ്ഥിതിചെയ്യുന്നത്.

ഫ്രണ്ട്-വീല്‍ ഡ്രൈവ് മള്‍ട്ടിവാന്‍ 136 bhp 1.5 ലിറ്റര്‍ TSI, 204 bhp 2.0 ലിറ്റര്‍ TSI എന്നിങ്ങനെ രണ്ട് നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം ലഭ്യമാണ്. 150 bhp നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അടുത്ത വര്‍ഷം എത്തിയേക്കും. ഈ പവര്‍ട്രെയിനുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഏഴി സ്പീഡ് DSG ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

 

Top