volkswagen india launches crest collection for ameo

ഫോക്‌സ്‌വഗന്‍ ശ്രേണിയിലെ പുതുമുഖമായ ‘അമിയൊ’യുടെ പ്രത്യേക പതിപ്പായ ‘ക്രെസ്റ്റ് കലക്ഷന്‍’ പുറത്തിറങ്ങി. എന്‍ട്രി ലവല്‍ സെഡാനായ ‘അമിയൊ’യ്ക്കു പുറമെ ഹാച്ച്ബാക്കായ ‘പോളോ’യുടെയും സെഡാനായ ‘വെന്റോ’യുടെയും ‘ക്രെസ്റ്റ് എഡീഷനു’കളും ഫോക്‌സ്‌വഗന്‍ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

‘പോളോ’യുടെ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ വകഭേദങ്ങള്‍ ‘ക്രെസ്റ്റ് എഡീഷന്‍’ രൂപത്തില്‍ ലഭ്യമാണ്; ‘വെന്റോ’യ്ക്കാവട്ടെ ഹൈലൈന്‍ വകഭേദം മാത്രമാണു പ്രത്യേക പതിപ്പായി വില്‍പ്പനയ്ക്കുള്ളത്.

വെള്ള നിറമുള്ള കാറില്‍ കറുപ്പ് നിറത്തില്‍ മാറ്റ് ഫിനിഷുള്ള മേല്‍ക്കുര, സ്‌റ്റൈല്‍സമ്പന്നമായ ഹെറിറ്റേജ് സൈഡ് ഫോയില്‍, ഡിറ്റാച്ചബ്ള്‍ സണ്‍റൂഫ് ബ്ലൈന്‍ഡ്‌സ് തുടങ്ങിയവയാണ് ‘ക്രെസ്റ്റ് കലക്ഷ’ന്റെ സവിശേഷതകള്‍.

കാര്‍ ബോഡിയെ പോറല്‍ ഏല്‍ക്കുന്നതില്‍ നിന്നു രക്ഷിക്കാനായി ഡോര്‍ സ്റ്റെപ് ഗാര്‍ണിഷ് പോലുള്ള സംവിധാനങ്ങളും ‘ക്രെസ്റ്റ് കലക്ഷനി’ലുണ്ട്.

‘ക്രെസ്റ്റ് കലക്ഷ’ന് 1945 കാലത്തോളം പഴക്കമുണ്ടെന്ന് ഫോക്‌സ്വാഗന്‍ വിശദീകരിക്കുന്നു. അന്നൊക്കെ ഈ ശേഖരത്തിലെ ഓരോ കാറിനും ‘ക്രെസ്റ്റ്’ ബാഡ്ജും നല്‍കുമായിരുന്നു.

ജര്‍മന്‍ നഗരമായ വുള്‍ഫ്‌സ്ബര്‍ഗിന്റെ അഭിമാനത്തെയാണ് ഈ ബാഡ്ജ് പ്രതിനിധീകരിച്ചിരുന്നതത്രെ; അലെര്‍ നദിയും ഇരട്ട ഗോപുരങ്ങളുള്ള കോട്ടയുമാണു ബാഡ്ജില്‍ ഇടംപിടിക്കുന്നത്.

കോട്ടയുടെ ഗോപുരങ്ങള്‍ക്കിടയില്‍ ചുവപ്പു ചെന്നായയും നില്‍പ്പുണ്ട്. 1945ല്‍ വുള്‍ഫ്‌സ്ബര്‍ഗില്‍ നിന്നു പുറത്തെത്തിയ ‘ബീറ്റ്ല്‍’ കാറിലായിരുന്നു ‘ക്രെസ്റ്റ്’ ബാഡ്ജ് ആദ്യമായി ഇടംപിടിച്ചത്.

നിലവിലുള്ള മോഡലുകളില്‍ കൂടുതല്‍ സുഖസൗകര്യം പ്രതീക്ഷിക്കുന്നവര്‍ക്കാണു ‘ക്രെസ്റ്റ് കലക്ഷനി’ല്‍ താല്‍പര്യമുണ്ടാവുകയെന്ന് ഫോക്‌സ്‌വഗന്‍ പാസഞ്ചര്‍ കാഴ്‌സ് ഇന്ത്യ ഡയറക്ടര്‍ മൈക്കല്‍ മേയര്‍ അറിയിച്ചു.

ആഗോളതലത്തില്‍ ഫോക്‌സ്വാഗന്‍ പിന്തുടരുന്ന പാരമ്പര്യമാണ് ‘ക്രെസ്റ്റ് കലക്ഷന്‍’; ഇന്ത്യയ്ക്കായി ഇന്ത്യയില്‍ നിര്‍മിച്ച ‘അമിയൊ’യിലും ഇത്തരം പ്രത്യേക പതിപ്പുകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി തന്നെ ‘ക്രെസ്റ്റ് കലക്ഷന്‍’ വില്‍പ്പനയ്ക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top