പുക നിയന്ത്രണ സംവിധാനത്തില്‍ അഴിമതി; റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

മ്യൂണിച്ച്: ജര്‍മന്‍ ആഡംബര കാറായ ഔഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലറിനെ പുക നിയന്ത്രണ സംവിധാനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി. ഔഡിയുടെ ഉടമകളായ വോക്‌സ്‌വാഗണ്‍ വക്താവ് അറസ്റ്റ് സ്ഥീരികരിച്ചു. തനിക്കെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ സ്റ്റാഡ്‌ലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്തതെന്ന് മ്യൂണിച്ച് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

ബുധനാഴ്ച സ്റ്റാഡ്‌ലറെ ചോദ്യം ചെയ്യുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഓഡിയില്‍ നിന്ന് പുറത്തുവരുന്ന പുകയുടെ അളവുസംബന്ധിച്ച നിര്‍മാണ തിരിമറി കേസ് വിവാദമായതോടെ വോക്‌സ് വാഗണിന്റെ പ്രവര്‍ത്തനത്തെയും വിപരീതമായി ബാധിച്ചിരുന്നു.

എ6, എ7 മോഡലുകളില്‍ പെട്ട ഡീസല്‍ എന്‍ജിനുകളുള്ള 60,000 ഔഡികാറുകളില്‍ പുക നിയന്ത്രണത്തിനുള്ള സോഫ്റ്റുവെയറുകളില്‍ പ്രശ്‌നം ഉണ്ടായിരുന്നതായി കമ്പനി കഴിഞ്ഞമാസം തുറന്നു സമ്മതിച്ചിരുന്നു. പുക പ്രശ്‌നം മൂലം കമ്പനി തിരികെ വിളിച്ച 850,000 കാറുകളില്‍ തകരാര്‍ കണ്ടെത്തിയ ഏറ്റവും വലിയ എണ്ണമാണിത്. തിരികെ വിളിച്ച നിരവധി കാറുകളില്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയും വന്നു.

2015 സെപ്തംബറിലാണ് ഔഡി കാറുകളില്‍ പുക സംബന്ധമായ കുഴപ്പങ്ങള്‍ ആദ്യമായി കണ്ടുതുടങ്ങിയത്. യുഎസില്‍ മാത്രം 6,00,000 കാറുകളാണ് പുകനിയന്ത്രിത മെന്ന ലേബലില്‍ വിറ്റഴിച്ചത്. ലോക വ്യാപകമായി 11 ദശലക്ഷം കാറുകളില്‍ പുക നിയന്ത്രണം വരുത്തുന്ന സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു.

ലാബുകളില്‍ പുക പരിശോധന നടത്തിയെന്നവകാശപ്പെട്ട് പുറത്തിറക്കിയ കാറുകളില്‍ ലാബ് നിഷ്‌കര്‍ഷിച്ചതിനെക്കാളും 40 ഇരട്ടി മലിനീകരണം നടക്കുന്നതായാണ് കണ്ടെത്തല്‍.

Top